മുംബൈ-ബോളിവുഡ് കിംഗ് ഖാന്റെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് മലയാളി വിദ്യാര്‍ത്ഥിനിക്ക്. തൃശ്ശൂര്‍ സ്വദേശിയായ ഗോപിക കൊട്ടന്തറയില്‍ ഭാസിയ്ക്കാണ് ദ ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ഗോപികയ്ക്ക് ഷാരൂഖ് ഖാന്‍ ആണ് സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചത്.
സമ്മാനദാനത്തിന് ശേഷം ഗോപികയെ അഭിനന്ദിക്കാനും ഷാരൂഖ് ഖാന്‍ മറന്നില്ല. വിദ്യാഭ്യാസത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഈ നേട്ടത്തില്‍ ഗോപികയെ അഭിനന്ദിക്കുന്നു. ഗോപികയുടെ അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തെയും ഞാന്‍ പ്രകീര്‍ത്തിക്കുന്നു. ലാ ട്രോബ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം ചെയ്യാനുള്ള മഹത്തരമായ അവസരമാണ് ഗോപികയെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് ഈ പെണ്‍കുട്ടി ഒരു മുതല്‍കൂട്ടാകട്ടെ ഷാരൂഖ് ഖാന്‍ പറഞ്ഞു.
2019 മുതലാണ് ലാ ട്രോബ് യൂണിവേഴ്‌സിറ്റി സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ ആരംഭിച്ചത്.രാജ്യത്തെ വിവിധഭാഗങ്ങളില്‍ നിന്നായി 800 വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിച്ചിരുന്നു. ഇവരില്‍ നിന്നാണ് കാര്‍ഷിക മേഖലയിലെ പഠനത്തിന് ഗോപികയെ അംഗീകാരം തേടിയെത്തിയത്.