ബെംഗളൂരു- എടിഎം മെഷീനുള്ളില്‍ ഉപകരണം സ്ഥാപിച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ടു ടാന്‍സാനിയന്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. അലക്‌സ് മെന്‍ഡ്രാഡ്, ജോര്‍ജ്ജ് ജെനെസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും നഗരത്തിലെ ഒരു ഫാര്‍മസി കോളേജിലെ വിദ്യാര്‍ഥികളാണ്. ഇവരില്‍ നിന്ന് വ്യാജ എടിഎം കാര്‍ഡുകള്‍, ഒരു കാര്‍, രണ്ടു ബൈക്കുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ക്ലാസ് കഴിഞ്ഞതിന് ശേഷമുള്ള സമയം ഇരുവരും നഗരത്തിനു പുറത്ത് സെക്യൂരിറ്റി ജീവനക്കാരില്ലാത്ത എടിഎമ്മുകള്‍ നിരീക്ഷിക്കുകയും ഉപകരണം സ്ഥാപിക്കുകയും ചെയ്യും. ഇതുവഴി അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുകയും എടിഎമ്മിലെത്തി പണം പിന്‍വലിക്കുകയുമായിരുന്നു വിദ്യാര്‍ഥികള്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ എടിഎം തട്ടിപ്പ് റാക്കറ്റിലെ കണ്ണികളാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.