തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ തിളങ്ങുമ്പോഴും മലയാളത്തിൽ വേണ്ടത്ര നല്ല വേഷങ്ങൾ കിട്ടാത്തത് ഷംന കാസിമിനെ അദ്ഭുതപ്പെടുത്തുന്നുണ്ട്. അതിന്റെ കാരണവും ഷംന തന്നെ കണ്ടെത്തുന്നു. തനിക്ക് വേണ്ടത്ര മലയാളി ലുക് ഇല്ലാത്തതും സ്റ്റേജ് പ്രോഗ്രാമുകളിൽ കൂടുതലായി രംഗത്തു വരുന്നതുമാണ് തനിക്ക് മലയാളത്തിൽ അവസരം കുറയാൻ കാരണമെന്ന് ഈ കണ്ണൂരുകാരി പറയുന്നു.
ചാനൽ പരിപാടികളിലൂടെ ശ്രദ്ധിക്കപ്പെട്ട്, മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഷംന പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലാണ് ശ്രദ്ധിക്കപ്പട്ടത്. ഷംന പ്രധാന വേഷത്തിലെത്തിയ അവുനു എന്ന തെലുങ്ക് ഹൊറർ ചിത്രം വലിയ ഹിറ്റായിരുന്നു.
അന്യ ഭാഷകളിലെ പോലെ നല്ല കഥാപാത്രങ്ങൾ മലയാളത്തിൽ തനിക്ക് കിട്ടാത്തതിലെ വിഷമം ഷംന തന്നെ വ്യക്തമാക്കുന്നു. ജോസഫ് സിനിമയുടെ തമിഴ് റീമേക്കിൽ എനിക്ക് ലഭിച്ചിരിക്കുന്നത് വളരെ അഭിനയ പ്രാധാന്യമുള്ള വേഷമാണ്. തമിഴിൽ എനിക്കിത് ചെയ്യാമെങ്കിൽ മലയാളത്തിൽ എന്തുകൊണ്ട് ചെയ്തുകൂടാ? ഞാൻ ഒരുപാട് സ്റ്റേജ് ഷോകൾ ചെയ്യുന്നതും എന്നെ കാണാൻ മലയാളിയെ പോലെയല്ലാത്തതു കൊണ്ടുമാണെന്നാണ് ചിലർ പറയുന്നത് -ഷംന പറയുന്നു.