ന്യൂദൽഹി-ദല്‍ഹിയിലെ സംഘർഷത്തില്‍ പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജിയില്‍ കോടതി അർധരാത്രി വാദം കേട്ടു. ദൽഹി ഹൈക്കോടതിയാണ് ഹരജി പരിഗണിച്ചത്.
പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്താനും തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും ദൽഹി പോലീസിനോട് കോടതി നിർദേശിച്ചു. ഹരജി ഇന്ന് ഉച്ചയ്ക്ക് 2.15ന് വീണ്ടും പരിഗണിക്കും. മുസ്തഫാബാദിലെ അൽ ഹിന്ദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ചികിത്സാ സൗകര്യമുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റണമെന്നും കോടതി നിർദേശിച്ചു.
അക്രമത്തിൽ പരിക്കേറ്റവർക്ക് ചികിത്സാ സൗകര്യം ഒരുക്കണമെന്ന് ചൂണ്ടിക്കാട്ടി വിവിധ സർക്കാർ, സ്വകാര്യ ആശുപത്രിയിൽനിന്നുള്ള ഡോക്ടർമാർ ഉൾപ്പെടുന്ന ഫോറമാണ് ഹൈക്കോടതിയെ സമീപിച്ചത്.