Sorry, you need to enable JavaScript to visit this website.

അണ്ണാ ഡിഎംകെ ലയനത്തിന് കളമൊരുങ്ങി; തമിഴ്‌നാട്ടില്‍ ബിജെപി പ്രതീക്ഷ പുലരുന്നു

ചെന്നൈ- ആഴ്ചകള്‍ നീണ്ട സമവായ ചര്‍ച്ചകള്‍ക്കൊടുവില്‍  തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും നേതൃത്വം നല്‍കുന്ന അണ്ണാ ഡി.എം.കെയിലെ ഇപിഎസ്, ഒപിഎസ് വിഭാഗങ്ങള്‍ ലയിക്കാന്‍ ധാരണയായി. തിങ്കളാഴ്ചയോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം പറഞ്ഞത്. ഭരണം കയ്യാളുന്ന ഇപിഎസ് പക്ഷം പനീര്‍ശെല്‍വം മുന്നോട്ടു വച്ച് സുപ്രധാന ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചില്ലെങ്കിലും അനുഭാവപൂര്‍വം നിലപാടെടുത്തതോടെയാണ് യോജിപ്പിന്റെ സാധ്യത തെളിഞ്ഞത്. നീണ്ട ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെ ഇപിഎസ് വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരുമായ എസ് പി വേലുമണി, പി തങ്കമണി, എംപിയായ ആര്‍ വൈദ്യലിംഗം എന്നിവര്‍ പനീര്‍ശെല്‍വവുമായും അദ്ദേഹത്തിന്റെ മുതിര്‍ന്ന നേതാക്കളുമായും നടത്തിയ മാരത്തണ്‍ ചര്‍ച്ചയിലാണ് ഏകാഭിപ്രായമുണ്ടായത്.

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ പാര്‍ട്ടിയില്‍ നിന്നും  പുറത്താക്കണമെന്നും ജയലളിതയുടെ മരണം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നുമുള്ള ശക്തമായ രണ്ട് ആവശ്യങ്ങളാണ് തീരുമാനമാകാതെ നിലനില്‍ക്കുന്നത്. എന്നാല്‍ ശശികലയെ പെട്ടെന്ന് പുറത്താക്കാനാവില്ലെന്നും പാര്‍ട്ടി ഇതുസംബന്ധിച്ച ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്നും ഭരണത്തിലിരിക്കുന്ന ഇപിഎസ് വിഭാഗത്തിലെ ഒരു നേതാവ് പറഞ്ഞു. ശശികലയെ പുറത്താക്കുന്ന പ്രക്രിയ അവസാനിക്കുന്നതു വരെ ഒപിഎസും ഇപിഎസും നേതൃത്വം നല്‍കുന്ന ഒരു സമിതിയായിരിക്കും പാര്‍ട്ടികാര്യങ്ങള്‍ നിയന്ത്രിക്കുക. സര്‍ക്കാരില്‍ സുപ്രധാന പദവികള്‍ വേണമെന്നും ഒപിഎസ് വിഭാഗം ശക്തമായി ആവശ്യം ഉന്നയിച്ചിരുന്നു. പനീര്‍ശെല്‍വത്തെ ഉപമുഖ്യമന്ത്രിയാക്കാനും സുപ്രധാന വകുപ്പുകള്‍ നല്‍കാനുമുള്ള സാധ്യതകളാണ് ചര്‍ച്ചയായത്. ഉടന്‍ തന്നെ സന്തോഷ വാര്‍ത്ത കേള്‍ക്കാമെന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ പ്രതികരണം. 10 എംഎല്‍എമാരാണ് പനീര്‍ശെല്‍വ പക്ഷത്തുള്ളത്. 

അതേസമയം ഇപിഎസ് സര്‍ക്കാരിനെ മറിച്ചിടാനാവശ്യമായ 20 പാര്‍ട്ടി എം എല്‍ എമാരുടെ പിന്തുണയുള്ള ശശികലയുടെ ബന്ധു ടിടിവി ദിനകരന്റെ നേതൃത്വത്തില്‍ മൂന്നാമതൊരു വിഭാഗവും രംഗത്തുണ്ട്. ഇതുവരെ പരസ്യമായി രംഗത്തുവരാത്ത ഇവര്‍ ഒപിഎസ്, ഇപിഎസ് വിഭാഗങ്ങളുടെ ലയനം സംഭവിച്ചാല്‍ രംഗത്തു വന്നേക്കും.

അതിനിടെ ചൊവ്വാഴ്ച തമിഴ്‌നാട് പര്യടനത്തിനെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ബിജെപിയുടെ കടുത്ത സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ഒപിഎസ്-ഇപിഎസ് വിഭാഗങ്ങളുടെ ലയനമെന്നു ആരോപണമുയരുന്നുണ്ട്. ലയനം തിങ്കളാഴ്ച പ്രഖ്യാപിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം ഇരുവിഭാഗത്തിന്റേയും നേതാക്കളോട് ആവശ്യപ്പട്ടിരുന്നതായി ഇരുപക്ഷത്തെ നേതാക്കളും പറയുന്നു.

അണ്ണാ ഡിഎംകെയെ കൂട്ടുപിടിച്ച് തമിഴ്‌നാട്ടില്‍ വേരോട്ടമുണ്ടാക്കാനുള്ള തിരക്കഥ തയാറാക്കിയാണ് ബിജെപിയുടെ വരവ്. ലയനം നടന്നു കഴിഞ്ഞാല്‍ അണ്ണാ ഡിഎംകെയെ എന്‍ ഡി എയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമം. കേന്ദ്ര മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളും നല്‍കും.  ഇതോടെ പാര്‍ട്ടിക്ക് വേരുറക്കാത്ത സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാനാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നത്. ഇതിനായി ബൃഹത്തായ ഒരു പദ്ധതിയും പാര്‍ട്ടി തയാറാക്കിയിട്ടുണ്ടെന്ന് ഒരു ബിജെപി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

തമിഴ് തത്വചിന്തകനും കവിയുമായ തിരുവള്ളുവറിനെ ഇതിനായി ഉപയോഗപ്പെടുത്താനാണ് ആദ്യ ശ്രമം. തിരുവള്ളുവറിന്റെ പേരില്‍ കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും തിരുവള്ളുവര്‍ പ്രതിമകളും സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. കൂടാതെ തമിഴ് ഭാഷാ പ്രോത്സാഹനത്തിന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഉടന്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കും. തിരുവള്ളുവറുടെ അധ്യാപനങ്ങള്‍ പ്രചരിപ്പിക്കാനും ആഘോഷിക്കാനും പരിപാടികള്‍ സംഘടിപ്പിക്കും. 

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ മുന്നേറ്റമുണ്ടാക്കാന്‍ അണ്ണാ ഡിഎംകെ കൂട്ടുപിടിക്കാനാണു ബിജെപി പദ്ധതി. ദ്രാവിഡ പാര്‍ട്ടികളെ കൂടെ നിര്‍ത്താതെ തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് ബിജെപിയുടെ ഈ നീക്കത്തിനു പിന്നില്‍.

Latest News