ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മുകളിൽ ഇനി മുതൽ രണ്ടായിരം രൂപയുടെ നോട്ടുകൾ ഉണ്ടാവില്ല. മാർച്ച് ഒന്നു മുതലായിരിക്കും ഇതു പ്രാബല്യത്തിൽ വരിക.
2000 നു പകരം 200 ന്റെയും 500 ന്റെയും നോട്ടുകളാവും ഇനി ലഭിക്കുക. കേന്ദ്രം 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയെന്നും നിർത്തുമെന്നുമൊക്കെയുള്ള പ്രചാരണം ശക്തിപ്പെട്ടിരിക്കേയാണ് ബാങ്കിന്റെ ഈ നടപടി. ഇതൊക്കെയാണെങ്കിലും രാജ്യത്ത് 2000 രൂപ നോട്ടിന് ക്ഷാമം അനുഭവപ്പെടുന്നതിന്റെ സൂചനകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
മാർച്ച് ഒന്ന് മുതൽ എല്ലാ എ.ടി.എമ്മിലും രണ്ടായിരം ഒഴിച്ചുള്ള നോട്ടുകൾ നിറച്ചാൽ മതിയെന്നാണ് ബാങ്ക് തീരുമാനം. ഉപഭോക്താക്കൾക്ക് ചില്ലറ മാറാൻ ബുദ്ധിമുട്ടുണ്ടെന്നും അതിനാലാണ് ഈ തീരുമാനമെന്നുമാണ് ബാങ്ക് വിശദീകരണം.