ന്യൂദല്‍ഹി- ഡോക്ടര്‍ കഫീല്‍ഖാന്റെ അമ്മാവന് നുസ്റത്തുല്ലാ വര്‍സി വെടിയേറ്റ് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഗോരഖ്പൂരിലുള്ള വീടിന് അടുത്തുവച്ച് ശനിയാഴ്ച രാത്രിയാണ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് വാർസി മരിച്ചത്. ഗോരഖ്പൂരിലെ ബൻകട്ട് ചൗകില്‍ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു നനുസ്റത്തുല്ലാ വര്‍സി.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. നിരവധി ഭൂസ്വത്തുക്കളുടെ ഉടമയാണ് ഇദ്ദേഹം. ചില സ്ഥലങ്ങളുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും നിലനിന്നിരുന്നതായും പറയപ്പെടുന്നു.
അതേസമയം സംഭവത്തിന് പിന്നില്‍ മറ്റ് കാരണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.