ബംഗളൂരു- പൗരത്വ നിയമ ഭേദഗതിക്കെതിരെ ബംഗളൂരുവില്‍നടന്ന പ്രതിഷേധ പരിപാടിയില്‍ പാക്കിസ്ഥാന് സിന്ദാബാദ് എന്നു വിളിച്ച അമൂല്യ ലിയോണ എന്ന വിദ്യാര്‍ഥിനിയുടെ തലയെടുക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടന.
കര്‍ണാടകയിലെ ശ്രീറാം സേന എന്ന സംഘടനയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പത്ത് ലക്ഷം സമ്മാനം പ്രഖ്യാപിച്ചത്.
പലഭാഗത്തുനിന്നും ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് അമൂല്യയുടെ കുടുംബത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബംഗളൂരുവില്‍ നടന്ന റാലിയില്‍ അമൂല്യ പാക്കിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചത്. അറസ്റ്റിലായ വിദ്യാര്‍ഥിനിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചിരിക്കയാണ്.
മകളുടെ നടപടി ഒരിക്കലും സ്വീകാര്യമല്ലെന്നും എല്ലാ ഇന്ത്യക്കാരുടേയും വികാരം വ്രണപ്പെടുത്തിയെന്നും പറഞ്ഞ പിതാവ് ഓസ്വാള്‍ഡ് നൊറോണ മകള്‍ക്ക് തിരുത്താന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനാണ് അമൂല്യയുടെ പിതാവ് ഓസ്വാള്‍ഡ് നൊറോണ.
എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത പൗരത്വ പ്രതിഷേധ പരിപാടിയിലാണ് മൈക്ക് കയ്യിലെടുത്ത് അമൂല്യ ലിയോണ എന്ന പത്തൊമ്പതുകാരി പാക്കിസ്ഥാന് സിന്ദാബാദ് എന്ന് മൂന്നുവട്ടം ഉറക്കെ വിളിച്ചു പറഞ്ഞത്. സദസ്സ് ഇളകി മറിയുന്നതിനിടെ, സ്റ്റേജിലൂടെ നടന്നുവന്ന ഉവൈസി, അങ്ങനെ പറയാന്‍ പാടില്ലെന്നു പറഞ്ഞുകൊണ്ട് അവളെ തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനു തൊട്ടുപിന്നാലെ അമൂല്യ 'ഹിന്ദുസ്ഥാന്‍ സിന്ദാബാദ്' എന്ന് മൂന്നുവട്ടം വിളിച്ചു. ആ മുദ്രാവാക്യത്തെ സദസ്സ് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. അപ്പോഴേക്കും സംഘാടകര്‍ അമൂല്യയുടെ കയ്യില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങിക്കഴിഞ്ഞിരുന്നു. എന്നാല്‍, സദസ്സില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ അമൂല്യ ഒരു വരികൂടി പറഞ്ഞു, ' പാക്കിസ്ഥാന് സിന്ദാബാദ് എന്ന് വിളിക്കുന്നതും, ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നുവിളിക്കുന്നതും തമ്മിലുള്ള വ്യത്യാസമെന്തെന്നാല്‍...' അത് പറഞ്ഞു മുഴുമിക്കാന്‍ പക്ഷെ അമൂല്യയെ പോലീസ് അനുവദിച്ചില്ല. ബലമായി സ്റ്റേജില്‍നിന്ന് പിടിച്ചിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.