ലഖ്‌നൗ-യു.പിയിലെ സോന്‍ഭദ്ര ജില്ലയില്‍ നിന്നും വന്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തി. ഏകദേശം 12 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 3000 ടണ്‍ സ്വര്‍ണ്ണമാണ് ഖനനത്തില്‍ കണ്ടെത്തിയത്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ഏഴംഗ സംഘമാണ് ഖനനം നടത്തിയത്. 2700 ടണ്‍ സ്വര്‍ണശേഖരം സോന്‍പഹാഡിയിലും 650 ടണ്‍ സ്വര്‍ണശേഖരം ഹാര്‍ഡിയിലും ഉണ്ടെന്നാണ് ഇന്ത്യന്‍ ജിയോളജിക്കല്‍ സര്‍വേയുടെ അനുമാനം. ഇന്ത്യയുടെ നിലവിലെ സ്വര്‍ണ്ണശേഖരത്തിന്റെ ആറിരട്ടി വരും യു.പിയില്‍ കണ്ടെത്തിയ സ്വര്‍ണ്ണം. 626 ടണ്ണാണ് ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ്ണശേഖരം.പ്രദേശത്ത് സ്വര്‍ണത്തിന് പുറമേ യുറേനിയം ഉള്‍പ്പടെയുള്ള അപൂര്‍വ ധാതുക്കള്‍ ഉണ്ടാകാനുള്ള സാധ്യതയും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.
സ്വര്‍ണ്ണപ്പാടം ഖനനത്തിനായി പാട്ടത്തിന് നല്‍കാനാണ് തീരുമാനമെന്നും ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ജില്ലാ മൈനിങ് ഓഫീസര്‍ കെ.കെ റായ് പറഞ്ഞു. പുതിയ സ്വര്‍ണശേഖരത്തിന്റെ കണ്ടെത്തല്‍ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ കാതലായ മാറ്റം വരുത്തുമെന്നാണ് വിലയിരുത്തുന്നത്.