കോയമ്പത്തൂര്‍- ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി വോള്വോബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര് മരിച്ചു. തമിഴ്നാട്ടില്‍ അവിനാശിയില്‍ പുലര്‍ച്ചെ മൂന്നരക്കാണ് അപകടം. 10 പേര് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എല്ലാവരേയും തിരിച്ചറിഞ്ഞിട്ടില്ല.
ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്നര്‍ ലോറിയാണ് ബസില്‍ ഇടിച്ചത്. മരിച്ചവരില്‍ ബസിലെ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടുന്നു. ടി.ഡി. ഗിരീഷ്, ബൈജു എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ടാണ് ബസ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിലെ 38 യാത്രക്കാര്‍ എറണാകുളത്തേക്ക് റിസര്‍വ് ചെയ്തിരുന്നവരാണ്. എറണാകുളം ഡിപ്പോയില്‍നിന്നുള്ള ബസില്‍ 48 പേരാണ് ഉണ്ടായിരുന്നത്. ഭൂരിഭാഗവും മലയാളികളാണ്.
ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. ബസിന്റെ ഒരുഭാഗം ഏതാണ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ബസിലും കണ്ടെയ്നര്‍ ലോറിയിലുമായി ചിതറിക്കിടന്ന ശരീര ഭാഗങ്ങള്‍ പോലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മാറ്റി തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് മാറ്റി.
അപകടം നടന്നത് നഗരത്തില്‍ നിന്ന് അകലെ ആയിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. പ്രദേശ വാസികള്‍ക്ക് പിന്നാലെയാണ് അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തിയത്.