കമ്പം- തമിഴ്നാട് കമ്പത്തിന് സമീപം യുവാവിന്റെ തലയും കൈക്കാലുകളും മുറിച്ചുമാറ്റിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ കേസില്‍ പ്രതികള്‍ വലയിലായി. കമ്പം സ്വദേശി വിഘ്നേശ്വരനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇയാളെ ഇത്രയും ക്രൂരമായി സ്വന്തം മാതാവും സഹോദരനും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് പോലിസ് പറഞ്ഞത്. മാതാവ് സെല്‍വിയെയും സഹോദരനെയും പോലിസ് അറസ്റ്റ് ചെയ്തു. മകന് വിഘ്നേശ്വരന് മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും കുടുംബകലഹങ്ങള്‍ പതിവായിരുന്നുവെന്നും അറസ്റ്റിലായ സെല്‍വി പറയുന്നു. ഇതേതുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം നടത്തിയത്. കൊലപാതക ശേഷം തലയും കൈയ്യും കാലുകളും വെട്ടിമാറ്റുകയായിരുന്നു. പിന്നീട് കൈയ്യും കാലും ഒരു കുളത്തിലും തല കിണറ്റിലും ഉപേക്ഷിച്ചു.തുടര്‍ന്ന് ശരീരം കമ്പം ചുരുളി റോഡരുകില്‍ തൊട്ടമന്‍ തുറൈ എന്ന സ്ഥലത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് ജലം ഒഴുകുന്ന കനാലിന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലിസ് റിപ്പോര്‍ട്ട്.
ശരീരം ചാക്കില്‍കെട്ടി ഉപേക്ഷിക്കുമ്പോള്‍ കനാലില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് പ്രതികളുടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്. രാത്രി ഒമ്പത് മണിക്ക് ശേഷം ചൂണ്ടിയിട്ടുകൊണ്ടിരിക്കവെ ഒരുസ്ത്രീയും യുവാവും ഇരുചക്രവാഹനത്തിലെത്തി ചാക്ക് കെട്ട് വലിച്ചെറിയുന്നത് കണ്ടുവെന്നും ചോദിച്ചപ്പോള്‍ പൂജയുടെ അവശിഷ്ടങ്ങളാണെന്ന് പറഞ്ഞതായും സാക്ഷികള്‍ പോലിസിനെ അറിയിച്ചു. ഇവര്‍ പോയശേഷം സംശയം തോന്നി ചാക്കുകെട്ട് അഴിച്ചുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇവരാണ് പോലിസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സെല്‍വിയും മകനും പിടിയിലായത്.