ന്യൂദൽഹി- ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കൊലപാതക കേസിലെ പ്രതികളായ ഗുജറാത്തിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ എൻ.കെ. അമിൻ, ടി.എ. ബറോത് എന്നിവരെ സർവീസിൽ തിരിച്ചെടുത്ത നടപടി തെറ്റാണെന്ന് സുപ്രീം കോടതി. ഇരുവരോടും ഇന്നലെ വൈകുന്നേരത്തിനുമുമ്പ് സ്ഥാനമൊഴിയാൻ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാർ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടതിനെ തുടർന്ന് രണ്ട് പേരെയും സർവീസിൽനിന്ന് നീക്കി. ഇരുവരെയും സർവീസിൽ തിരിച്ചെടുത്ത ഗുജറാത്ത് സർക്കാർ നടപടിയെയും കോടതി രൂക്ഷമായി വിമർശിച്ചു.
സൊഹ്‌റാബുദ്ദീൻ ഷെയ്ഖ്, ഇസ്രത് ജഹാൻ കേസുകളിലെ പ്രതികളായ ഇരുവരും സർവീസിൽനിന്നും വിരമിച്ചവരാണ്. 2005 സൊഹ്‌റാബുദ്ദിന്റെ ഭാര്യ കൗസർബിയുടെ മൃതദേഹം നശിപ്പിച്ച കേസിൽ അമിൻ 2016ൽ എസ്.പിയായി വിരമിച്ചിരുന്നു. എന്നാൽ ഇയാളെ മഹിസാഗർ ജില്ലയുടെ എസ്.പിയായി വീണ്ടും ഒരു വർഷത്തേക്ക് സർക്കാർ നിയമിക്കുകയായിരുന്നു. സർവീസിൽ നിന്നും വിരമിച്ച ബറോതിനെ വഡോധരയിലെ വെസ്റ്റേൺ റെയിൽവേയിൽ ഡിവൈ.എസ്.പിയായിട്ടാണ് ഒരു വർഷത്തേക്ക് നിയമിച്ചത്.ഇവരുടെ പുനർ നിയമനത്തിനെതിരെ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ രാഹുൽ ശർമയാണ് കോടതിയെ സമീപിച്ചത്.