ബാഴ്‌സലോണ- സ്‌പെയിനിലെ ബാഴ്‌സലോണയിൽ തിരക്കേറിയ തെരുവിലെ ആൾക്കൂട്ടത്തിലേക്ക് വാൻ ഇടിച്ചുകയറ്റിയതിനെ തുടർന്ന് 13 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു.
ടൂറിസ്റ്റുകൾ ധാരാളമായി എത്താറുള്ളതും സദാ തിരക്കേറിയതുമായ ലാസ് റാംബ്ലാസ് തെരുവിലാണ് ഇന്നലെ വൈകുന്നേരത്തോടെ ആക്രമണമുണ്ടായത്. ഇരുവശത്തും ധാരാളം കടകളും റെസ്റ്റോറന്റുകളുമുള്ള തെരുവാണിത്. തെരുവിൽ ജനം തിങ്ങിനിറഞ്ഞ സമയത്താണ് വാൻ ഇടിച്ചുകയറ്റിയതെന്ന് പോലീസ് അറിയിച്ചു.
അങ്ങേയറ്റം ഭീതിജനകമായ കാഴ്ചയായിരുന്നു അതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ സമീപത്തെ ഒരു കടയിലെ ജീവനക്കാരനായ ഷാവി പെരെസ് പറഞ്ഞു. ശബ്ദം കേട്ട് താൻ കടയുടെ പുറത്തെത്തി നോക്കുമ്പോൾ തെരുവിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുകയായിരുന്നു. ആളുകൾ ഭയന്ന് നിലവിളിക്കുകയായിരുന്നു. മരിച്ചവരിലും പരിക്കേറ്റവരിലും നിരവധി വിദേശികളുമുണ്ടെന്ന് പെരെസ് പറഞ്ഞു. ആളുകളുടെ ദേഹത്തേക്ക് വാൻ തുടരെ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.