ചെന്നൈ- പൗരത്വ നിയമ ഭേദഗതിക്കെതിരായ കാമ്പയിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ രണ്ട് കോടി ഒപ്പുകള്‍ ശേഖരിച്ചതായി ഡി.എം.കെ അറിയിച്ചു. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യമാണ് ഇത്രയും ഒപ്പുകള്‍ ശേഖരിച്ചതെന്നും ഇവ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ചതായും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് അതിക്രമം നടന്ന ചെന്നെയിലെ ഓള്‍ഡ് വാഷര്‍മാന്‍പേട്ടില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രതിഷേധ പരിപാടികള്‍ നടന്നു.
അതിനിടെ, പൗരത്വ ഭേദഗതി നിയമത്തിനു പിന്തുണ തേടി ആഭ്യന്തര മന്ത്രി അമിത് ഷാ ഒഡീഷയിലേക്ക്. ഈ മാസം 28-ന് സംസ്ഥാനത്ത് സന്ദര്‍ശനം ആരംഭിക്കുന്ന അമിത് ഷാ പൗരത്വ നിയമത്തെ അനുകൂലിച്ച് സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ സംബന്ധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മാനുഷിക പരിഗണന കണക്കിലെടുത്താണ് സി.എ.എ തയാറാക്കിയതെന്നും പ്രതിപക്ഷമാണ് അത് വിവാദമാക്കിയതെന്നും ബി.ജെ.പി നേതാവ് ഭൂപേന്ദര്‍ യാദവ് പറഞ്ഞു.