തിരുവനന്തപുരം- യുഎപിഎ ചുമത്തി ജയിലിടച്ച അലന് ശുഹൈബും താഹ ഫസലും ഇപ്പോള്‍ സിപിഐഎം പ്രവര്‍ത്തകരല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇവര്‍ മാവോയിസ്റ്റുകള്‍ തന്നെയാണ്. ഇരുവരേയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതുമാണ്. ഒരേ സമയം സിപിഎമ്മിലും മാവോയിസ്റ്റ് സംഘടനയിലും ഇവര്‍ പ്രവര്‍ത്തിച്ചുവെന്നും കോടിയേരി പറഞ്ഞു.
സിപിഐഎം പ്രവര്‍ത്തകരായിരുന്ന അലന് ശുഹൈബിനേയും താഹ ഫസലിനേയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ആദ്യമായാണ് പാര്‍ട്ടി പ്രഖ്യാപിക്കുന്നത്.
ഇരുവരേയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടതില്‍ പ്രതിപക്ഷത്ത്നിന്നുള്പ്പെടെ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് കത്തയച്ചിരുന്നു. കേസ് സംസ്ഥാന പോലീസിനെതന്നെ തിരിച്ചേല്‍പിക്കണമെന്നാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്.