സമ്മർദ്ദത്തിലാവുകയും തിരിച്ചുവരാൻ വിജയം അനിവാര്യമാവുകയും ചെയ്ത ഘട്ടത്തിൽ ബാഴ്സലോണ സ്വതഃസിദ്ധമായ പാസിംഗ് ശൈലി തൽക്കാലം ഉപേക്ഷിച്ചു. ബോൾ പൊസഷൻ ഗെയിം ഉപേക്ഷിച്ച് അവർ സെറ്റ്പീസുകളെ ആശ്രയിച്ചു. കോപ ഡെൽറേ ക്വാർട്ടർ ഫൈനലിലെ അപ്രതീക്ഷിത പരാജയത്തിനു ശേഷം ബാഴ്സലോണ വിജയത്തിലേക്ക് തിരിച്ചുവരാൻ കണ്ട വഴി സെറ്റ്പീസുകളാണ്.
സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണ രണ്ടു തവണ പിന്നിലായ ശേഷം 3-2 ന് റയൽ ബെറ്റിസിനെ തോൽപിച്ചു. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയെക്കാൾ മൂന്നു പോയന്റ് മുന്നിലാണ് റയൽ. റയൽ 4-1 ന് ഒസസൂനയെ കീഴടക്കി.
ബാഴ്സലോണയുടെ വിജയം ക്ലബ്ബിലെ അസ്വാരസ്യങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്തു. ക്ലബ് ഡയരക്ടർ എറിക് അബിദാലിനെ പരസ്യമായി ലിയണൽ മെസ്സി വിമർശിച്ചത് വൻ വിവാദമായിരുന്നു.
ക്വിക്വെ സെതിയേന്റെ കോച്ചിംഗ് ശൈലിയും ചോദ്യചിഹ്നമുയർത്തിയിരുന്നു. കഴിഞ്ഞ നാല് എവേ മത്സരങ്ങളിൽ ബാഴ്സലോണയുടെ ഏക ജയം മൂന്നാം ഡിവിഷൻ ക്ലബ് ഇബിസക്കെതിരെയായിരുന്നു. സെതിയേന്റെ മുൻ ക്ലബ്ബാണ് റയൽ ബെറ്റിസ്. സെതിയേൻ ബെറ്റിസിനെ പരിശീലിപ്പിച്ച കാലത്ത് ബാഴ്സലോണയെ അവർ തോൽപിച്ചിരുന്നു.
ഇത്തവണയും അവർ രണ്ടു തവണ ലീഡ് ചെയ്ത ശേഷമാണ് തോറ്റത്. ഇരു ടീമുകളും പത്തു പേരായിച്ചുരുങ്ങിയ കളിയിൽ ബാഴ്സലോണയുടെ മൂന്നു ഗോളിനും വഴിയൊരുക്കിയത് മെസ്സിയായിരുന്നു. ഇരട്ട മഞ്ഞക്കാർഡ് കിട്ടി ബെറ്റിസിന്റെ നബീൽ ഫഖീറും (76 ാം മിനിറ്റ്) ബാഴ്സലോണയുടെ ക്ലമന്റ് ലെംഗ്ലറ്റും (79) പുറത്തായി. ഏഴു മിനിറ്റ് മുമ്പ് ബാഴ്സലോണയുടെ വിജയ ഗോളടിച്ചത് ലെംഗ്ലറ്റായിരുന്നു.
ആറാം മിനിറ്റിൽ പെനാൽട്ടിയിൽ നിന്ന് സെർജിയൊ കനാലെസ് ബെറ്റിസിന് ലീഡ് സമ്മാനിച്ചു. ഫ്രെങ്കി ഡി യോംഗിലൂടെ മൂന്നു മിനിറ്റിനകം ബാഴ്സലോണ ഒപ്പമെത്തി. ഇരുപത്താറാം മിനിറ്റിൽ ഫഖീറിലൂടെ ബെറ്റിസ് ലീഡ് തിരിച്ചുപിടിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സെർജിയൊ ബുസ്ക്വെറ്റ്സ് തുല്യത വരുത്തി.
ബാഴ്സലോണയുടെ രണ്ടു ഗോളിനും വഴിയൊരുക്കിയത് മെസ്സിയുടെ സെറ്റ് പീസുകളാണ്. പരമ്പരാഗതമായ പാസിംഗ് ശൈലി ബാഴ്സലോണ പൂർണമായും ഉപേക്ഷിച്ചില്ല. എന്നാൽ ഗോളടിക്കാൻ അവർ മറ്റൊരു വഴി കണ്ടെത്തി. ടീം 1-2 ന് പിന്നിൽ നിൽക്കുമ്പോഴാണ് മെസ്സിയുടെ ഫ്രീകിക്ക് ബോക്സിൽ സെർജിയൊ ബുസ്ക്വെറ്റ്സിനെ തേടിയെത്തുന്നത്. ഇടവേളക്ക് അൽപം മുമ്പ് കിട്ടിയ ഈ അവസരം ബുസ്ക്വെറ്റ്സ് ഗോളാക്കി. ഇടവേളക്കു ശേഷം മെസ്സിയുടെ ഫ്രീകിക്ക് ഹെഡറിലൂടെ ക്ലമന്റ് ലെംഗ്ലറ്റ് വലയിലെത്തിച്ചു.
'നൂറുകണക്കിന് വഴികളിലൂടെ ഗോളടിക്കാൻ കഴിവുള്ള ടീമാണ് ബാഴ്സലോണ. എന്നാൽ ഏരിയക്ക് ഏറെ അകലെയുള്ള രണ്ട് ഫ്രീകിക്കുകളിൽ നിന്ന് ഗോളടിച്ചാണ് ഇത്തവണ അവർ ജയിച്ചത്' -റയൽ ബെറ്റിസ് കോച്ച് റൂബി പറഞ്ഞു. കഷ്ടിച്ചാണ് വിജയിച്ചതെങ്കിലും സെതിയേന്റെ കീഴിൽ ടീം മെച്ചപ്പെടുന്നുണ്ടെന്ന് വ്യക്തമാണ്. ഒരു മാറ്റത്തിനു ശേഷം പുതിയ രീതിയുമായി ഇണങ്ങാൻ അൽപം സമയമെടുക്കുമെന്ന് മിഡ്ഫീൽഡർ സെർജി റോബർടൊ പറഞ്ഞു. വിജയങ്ങൾ ലഭിക്കുമ്പോൾ മാറ്റം എളുപ്പമാവുമെന്നും മിഡ്ഫീൽഡർ കരുതുന്നു.
റയലും ഗോൾ വഴങ്ങിയ ശേഷമാണ് ഒസസൂനയെ തകർത്തത്. ഇസ്കോയും സെർജിയൊ റാമോസും ആദ്യ പകുതിയിൽ അഞ്ചു മിനിറ്റിനിടെ സ്കോർ ചെയ്തു. പരകക്കാരായിറങ്ങിയ ലുകാസ് വാസ്ക്വേസും ലൂക്ക യോവിച്ചും രണ്ടാം പകുതിയിലും ലക്ഷ്യം കണ്ടു. 21 മത്സരങ്ങളിൽ അപരാജിതരായി മുന്നേറിയ ശേഷമാണ് കോപ ഡെൽറേയിൽ സൊസൈദാദിനോട് റയൽ തോറ്റത്.
ഇനി ഗെറ്റാഫെ
ബാഴ്സലോണക്ക് ഇനി നേരിടാനുള്ളത് ഗെറ്റാഫെയെയാണ്. ഈ സീസണിൽ മികച്ച ഫുട്ബോളാണ് ഗെറ്റാഫെ കളിക്കുന്നത്. ലാ ലിഗയിൽ അവർ മൂന്നാം സ്ഥാനത്തു നിൽക്കുന്നത് വെറുതെയല്ല.
ഈ ചെറിയ ക്ലബ് തുടർച്ചയായ രണ്ടാം സീസണിലാണ് മുൻനിരയിലേക്ക് എത്തിയിരിക്കുന്നത്. വമ്പന്മാരായ ടീമുകളെ മറികടന്ന അവർ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധ്യതയേറെയാണ്. അത്ലറ്റിക്കൊ മഡ്രീഡും സെവിയയും വലൻസിയയുമൊക്കെ ഗെറ്റാഫെയെക്കാൾ പിറകിലാണ്. ബാഴ്സലോണയെക്കാൾ ഏഴ് പോയന്റ് മാത്രം പിന്നിൽ.
ഗെറ്റാഫെയുടെ പ്രതിരോധം മറികടക്കുക എളുപ്പമല്ലെന്ന് വലൻസിയ കോച്ച് ആൽബർട് സെലാഡെസ് പറയുന്നു. ഒരുപാട് കാര്യങ്ങൾ നന്നായി ചെയ്യുന്നതിനാലാണ് അവർ മൂന്നാം സ്ഥാനത്തെത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വലൻസിയയെ 3-0 നാണ് ഗെറ്റാഫെ തകർത്തത്. അതിനു മുമ്പ് അത്ലറ്റിക്കൊ ബിൽബാവോയെയും തോൽപിച്ചു.
കഴിഞ്ഞ സീസണിലും അവസാന ഘട്ടം വരെ ഗെറ്റാഫെ ചാമ്പ്യൻസ് ലീഗ് സാധ്യതയിലുണ്ടായിരുന്നു. എന്നാൽ രണ്ട് റൗണ്ട് ശേഷിക്കെ അവരെ മറികടന്ന് വലൻസിയ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.
പോയ വാരം ശ്രദ്ധ പിടിച്ചുപറ്റിയ രണ്ടു സ്ട്രൈക്കർമാർ റയൽ സൊസൈദാദിന്റെ അലക്സാണ്ടർ ഐസാകും എസ്പാന്യോളിന്റെ റൗൾ ദെ തോമാസുമാണ്. യൂറോപ്പിൽ ശ്രദ്ധിക്കപ്പെടുന്ന സ്ട്രൈക്കർമാരായി മാറിക്കഴിഞ്ഞു ഇവർ.
അവസാന ആറു കളികളിൽ ഐസാക് എട്ടു ഗോളടിച്ചു. കോപ ഡെൽറേയിൽ റയൽ മഡ്രീഡിനെതിരായ 4-3 അട്ടിമറി ജയത്തിൽ രണ്ടു ഗോൾ നേടി. ഇരുപതുകാരൻ ഇപ്പോൾ തന്നെ സ്വീഡൻ ദേശീയ ടീമിന്റെ ഭാഗമാണ്.
ബെൻഫിക്കയിൽ നിന്ന് എസ്പാന്യോളിൽ ചേർന്ന ശേഷം ആദ്യ അഞ്ചു കളികളിലും തോമാസ് ഗോൾ കണ്ടെത്തി. റയൽ മഡ്രീഡ് യൂത്ത് ടീമിന്റെ ഭാഗമായിരുന്നു ഇരുപത്താറുകാരൻ.