ന്യൂദൽഹി- ബലാത്സംഗ കേസിൽ പ്രതിയായ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദക്ക് ജാമ്യം നൽകിയ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിക്ക് സ്ഥിരം ജഡ്ജിയായി നിയമനം. ബുധനാഴ്ച ചേർന്ന സുപ്രീം കോടതി കൊളീജിയമാണ് ജസ്റ്റിസ് രാഹുൽ ചതുർവേദിയെ സ്ഥിരം ജഡ്ജിയായി നിയമിച്ചത്. ഇന്നലെയാണ് ഇത് സംബന്ധിച്ച തീരുമാനം പുറത്തുവന്നത്. പന്ത്രണ്ടാം തിയതി ചേർന്ന സുപ്രീം കോടതി കൊളീജിയം തീരുമാനപ്രകാരം രാഹുൽ ചതുർവേദിയെ അലഹബാദ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിക്കാൻ ശുപാർശ ചെയ്യുന്നുവെന്നാണ് സുപ്രീം കോടതി വെബ്‌സൈറ്റിലുള്ളത്. യു.പിയിലെ ഷാജഹാൻപുരിലെ നിയമവിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ സ്വാമി ചിന്മയാനന്ദക്ക് കഴിഞ്ഞ ദിവസം ജാമ്യം നൽകിയത് ചതുർവേദിയായിരുന്നു. പരാതിക്കാരിയുടെ സ്വഭാവം മോശമാണെന്നും ഇവർ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്നും ജാമ്യം നൽകുന്ന ഉത്തരവിൽ ജഡ്ജി പരാമർശിച്ചിരുന്നു. അലഹബാദ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി 2017 സെപ്തംബറിലാണ് ജസ്റ്റിസ് ചതുർവേദിയെ നിയമിച്ചത്.
ചതുർവേദിക്ക് പുറമെ, ഒൻപത് ജഡ്ജിമാരെ കൂടി പുതുതായി സ്ഥിരം ജഡ്ജിമാരായി കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ നാലു ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായും ഉയർത്തി.