ന്യൂദല്‍ഹി- ഇന്ത്യയിലെ പൊതുമേഖലയിലെ പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനികളെ ലയിപ്പിക്കുന്നു. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ്,നാഷനല്‍ ഇന്‍ഷൂറന്‍സ്,യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് എന്നിവയാണ് ലയിപ്പിക്കുന്നത്. ഇതിനായി കേന്ദ്രമന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കും. 2018-19ല്‍ കേന്ദ്രധനമന്ത്രിയായിരുന്ന അരുണ്‍ജെയ്റ്റിലിയായിരുന്നു ഇന്‍ഷൂറന്‍സ് കമ്പനികളുടെ ലയനത്തിന് അനുമതി നല്‍കിയത്. ഇത് നടപ്പാക്കാനാണ് മന്ത്രിസഭ അംഗീകാരം നല്‍കുക.
പ്രവര്‍ത്തനം മെച്ചപ്പെടുത്തുക,കടത്തിന്റെ അനുപാതം കുറയ്ക്കുക,ലാഭം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ലയനം നടത്തുന്നത്.ഈ കമ്പനികളുടെ ധനസ്ഥിതി ശക്തമല്ലാത്തതിനാല്‍ ലയന പ്രക്രിയയില്‍ കാലതാമസമുണ്ടായി.ഈ കമ്പനികളെ ലിസ്റ്റുചെയ്യുന്നതിന് മുമ്പ് കൂടുതല്‍ ശക്തമാക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മൂന്ന് കമ്പനികള്‍ക്കും കൂടി 2500 കോടിരൂപ സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം നല്‍കിയിരുന്നു. വരും വര്‍ഷം 6500 കോടിരൂപയാണ് ഈ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കായി വകയിരുത്തിയിട്ടുള്ളത്.