സര്‍ക്കാര്‍ വാഹനങ്ങളില്‍ കറങ്ങല്ലേ,  ദുരുപയോഗം  ജിപിഎസ് പിടിക്കും 

ബംഗളൂരു- ദുരുപയോഗം ചെയ്യുന്നത് തടയാനായി കര്‍ണാടകയില്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഔദ്യോഗിക വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. ബംഗളൂരു പൊലീസ് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. മുന്‍ നിയമസഭാംഗങ്ങള്‍ക്കും ഇത് ബാധകമാണ്.മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വാഹനങ്ങള്‍ പണം കടത്തുന്നതിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബംഗളൂരു പൊലീസ് ജിപിഎസ് ഘടിപ്പിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ അസ്സിസ്റ്റന്റും നിലവിലെ മന്ത്രിയുടെ കീഴിലുള്ള വകുപ്പ് ഉദ്യോഗസ്ഥനും അനധികൃതമായി കാറില്‍ പണം കടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ കേസില്‍ അന്വേഷണം നേരിടുകയാണ്.
മുസ്‌റായ് വകുപ്പ് (സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി രൂപീകരിച്ച വകുപ്പ്) മന്ത്രി ശ്രീനിവാസ് പൂജാരി, മുന്‍ മന്ത്രി പുട്ടരംഗ ഷെട്ടി എന്നിവരുടെ വാഹനങ്ങളാണ് പണം കടത്തുന്നതിനായി ഉപയോഗിച്ചത്. മുമ്പ് നിയമസഭാ കൗണ്‍സില്‍ 38 വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പദ്ധതി പരാജയപ്പെടുകയായിരുന്നു. രണ്ടു മാസങ്ങള്‍ക്കു മുന്‍പ് വാഹനം ട്രാക്ക് ചെയ്യുന്നതിനായുള്ള വിടിഎസ് (വെഹിക്കിള്‍ ട്രാക്കിങ് സിസ്റ്റം) സംവിധാനം വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത് സംബന്ധിച്ച് ടെന്‍ഡര്‍ വിളിച്ചെങ്കിലും കര്‍ശനമായ നിബന്ധനകള്‍ വച്ചതുകാരണം ആരും സമീപിച്ചില്ലെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രതാപ് ചന്ദ്ര ഷെട്ടി പറയുന്നു.

Latest News