വെളിച്ചെണ്ണ വിപണി മുന്നേറുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല. ഇറക്കുമതി പാചകയെണ്ണകളുടെ നിരക്ക് ഉയരുന്നതിന് ഒപ്പം വെളിച്ചെണ്ണയെ കൈപിടിച്ച് ഉയർത്താനുള്ള ശ്രമത്തിലാണ് തമിഴ്‌നാട്ടിലെ വൻകിട മില്ലുകാർ. കാങ്കയത്ത് കൊപ്ര 10,250 ലേക്ക് കയറി, അവിടെ എണ്ണ വില 14,150 രൂപയാണ്. പുതിയ സാഹചര്യത്തിൽ അവർ എണ്ണക്ക് കൂടിയ വില ആവശ്യപ്പെട്ടാൽ അത് കേരളത്തിലെ കൊപ്ര ഉൽപാദകർക്കും നേട്ടമാവും. എന്നാൽ എണ്ണ വിൽപന പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. കൊച്ചിയിൽ എണ്ണക്ക് 100 രൂപ വർധിച്ച് 15,400 ലും തൃശൂരിൽ 15,300 ലും കോഴിക്കോട്ട് 17,500 രൂപയിലുമാണ്.
മുംബൈ ആസ്ഥാനമായുള്ള വൻകിട മില്ലുകാർ ദക്ഷിണേന്ത്യൻ കൊപ്ര വിപണികളിൽ സജീവമല്ല. ആൻഡമാൻ, ലക്ഷദ്വീപ് മേഖലകളിൽ നിന്നും അവർ കൊപ്ര ശേഖരിക്കുന്നതായാണ് വിവരം. വിദേശ പാചകയെണ്ണ ഇറക്കുമതി കുറഞ്ഞത് ആഭ്യന്തര വില മെച്ചപ്പെടുത്താം.
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ മുളക് പിൻതള്ളപ്പെട്ട അവസ്ഥയിലാണ്, ഇന്ത്യൻ വില ടണ്ണിന് 5800 ഡോളറാണ്. ബ്രസീൽ 1800 ഡോളറിന് പോലും ക്വട്ടേഷൻ ഇറക്കി. സത്ത് നിർമാണത്തിനുള്ള മൂപ്പ് കുറഞ്ഞ കുരുമുളക് ശ്രീലങ്ക ടണ്ണിന് 6000 ഡോളറിന് വിൽപന നടത്തുന്നുണ്ട്. ചൈനീസ് ന്യൂ ഇയർ ആഘോഷങ്ങൾ കഴിഞ്ഞങ്കിലും ഇന്താനേഷ്യയും വിയറ്റ്‌നാമും വിപണിയിൽ തിരിച്ച് എത്തിയിട്ടില്ല.
കൊച്ചി വിപണികളിൽ പുതിയ കുരുമുളക് വരവ് നാമമാത്രമെങ്കിലും പല ഭാഗങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുകയാണ്. വരൾച്ച മൂലം കർഷകരുടെ പ്രതീക്ഷക്കൊത്ത് തിരികൾക്ക് മുഴുപ്പ് വർധിച്ചില്ല. ഉൽപാദനം കുറയുമെന്ന സൂചനകളാണ് പല ഭാഗങ്ങളിൽ നിന്നും ലഭ്യമാവുന്നത്. ഉത്തരേന്ത്യൻ അന്വേഷണങ്ങൾ ചുരുങ്ങിയതിനാൽ ഡിസംബറിന് ശേഷം കുരുമുളകിന് മൂന്നേറാൻ അവസരം ലഭിച്ചിട്ടില്ല. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് വില 31,000 രൂപ.
ശൈത്യകാലം അവസാനിക്കുന്നതിനാൽ ആഭ്യന്തര ഡിമാന്റ് ചുക്കിന് ചുരുങ്ങിയെങ്കിലും അറബ് രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങളുണ്ട്. കാർഷിക മേഖല പുതിയ ചുക്ക് വിൽപനക്ക് ഇറക്കിയെങ്കിലും ഉൽപാദകരുടെ കണക്ക് കൂട്ടലിനനുസരിച്ച് മൊത്ത വിപണി ചൂടുപിടിച്ചില്ല. ഉണക്ക് കൂടിയ ഇനം ചുക്കാണ് വരുന്നത്. കൊച്ചിയിൽ വിവിധയിനം ചുക്ക് 26,500 27,500 രൂപ. ലേലത്തിനുള്ള ഏലക്ക വരവ് ചുരുങ്ങി. വരൾച്ചയിൽ ഏലച്ചെടികൾ ഉണങ്ങിയതും ഉൽപാദനം ചുരുങ്ങിയതും ലഭ്യത കുറച്ചു. അപ്രതീക്ഷിതമായി വരവ് കുറഞ്ഞതിനാൽ പോയവാരം ഒരു ലേലം തന്നെ മാറ്റിവെച്ചു. ലേലത്തിനുള്ള ഏലക്ക വരവ് 25 ടണ്ണിൽ താഴെയാണ്, എന്നിട്ടും അതിന് അനുസൃതമായി കുതിപ്പ് വിലയിൽ ദൃശ്യമായില്ല. മികച്ചയിനങ്ങൾ കിലോ 4000 രൂപ റേഞ്ചിലാണ്. സ്വർണ വിലയിൽ ചാഞ്ചാട്ടം. ആഭരണ വിപണികളിൽ പവൻ 30,400 രൂപയിൽ നിന്ന് 29,920 ലേക്കും താഴ്‌ന്നെങ്കിലും ശനിയാഴ്ച പവൻ 30,280 രൂപയിലാണ്. ഗ്രാമിന് വില 3785 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1570 ഡോളർ.