ഹൈദരാബാദ്- ഹൈദരാബാദില്‍ സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളെ ഒരു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ഹയാത്ത് നഗര്‍ സ്വദേശികളായ മമത(20) ഗൗതമി(20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹയാത്ത് നഗര്‍ രാഘവേന്ദ്ര കോളനിയിലെ മമതയുടെ വീട്ടിലെ കിടപ്പുമുറിയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് ഇരുവരും ഒരു ഫാനില്‍ രണ്ട് ദുപ്പട്ടയില്‍ തൂങ്ങി ആത്മഹത്യചെയ്തത്.
നേരത്തെ ശ്രീനിവാസ കോളനിയിലായിരുന്നു മമതയും കുടുംബവും താമസിച്ചിരുന്നത്. ഗൗതമിയും ഇതിനടുത്ത് തന്നെയായിരുന്നു താമസം. പിന്നീട് മമതയുടെ കുടുംബം രാഘവേന്ദ്ര കോളനിയിലേക്ക് താമസം മാറ്റി. ഒരു സ്കൂളിലെ ജീവനക്കാരിയായിരുന്നു മമത. ഗൗതമി തൊഴില്‍ രഹിതയായിരുന്നു. വീട്ടില്‍നിന്ന് ഇരുവരുടെയും ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെടുത്തു. കുറിപ്പില്‍, ജീവിതത്തില്‍ സംതൃപ്തിയില്ലെന്നും മാതാപിതാക്കള്‍ക്ക് ഒരു ഭാരമാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ സ്വയം മരിക്കുയാണ് എന്നുമാണ് എഴുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.