ചെന്നൈ-രജനികാന്ത് ചിത്രം 'ദര്‍ബാര്‍' വലിയ പരാജയമായതോടെ സിനിമാ വിതരണക്കാരില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ചിത്രത്തിന്റെ സംവിധായകന്‍ എ.ആര്‍ മുരുഗദോസ് മദ്രാസ് ഹൈക്കോടതിയില്‍. രജനികാന്ത് നഷ്ടപരിഹാരം നല്‍കണമെന്നു ആവശ്യപ്പെട്ട് വിതരണക്കാര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് സംവിധായകന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
ജനുവരി 9നാണ് വലിയ വിജയ പ്രതീക്ഷകളുമായി ചിത്രം തിയേറ്ററുകളിലെത്തിയത്. നയന്‍താരയായിരുന്നു നായിക. 4000 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിലൂടെ ഉണ്ടായ നഷ്ടം രജനികാന്ത് നികത്തണം എന്നാവശ്യപ്പെട്ട് വിതരണക്കാര്‍ രംഗത്ത് വന്നിരുന്നു. നടനെ കാണാനെത്തിയ വിതരണക്കാരെ പൊലീസ് തടഞ്ഞതിന് പിന്നാലെ, രജനിയുടെ വീടിന് സമീപം നിരാഹാരമിരിക്കാനാണ് വിതരണക്കാരുടെ തീരുമാനം.
200 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം എഴുപത് കോടിയിലേറെ നഷ്ടം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈക്ക പ്രൊഡക്ഷനാണ് ദര്‍ബാര്‍ നിര്‍മ്മിച്ചത്. ചിത്രത്തിന് വേണ്ടി 108 കോടിയാണ് രജനീകാന്ത് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. മുമ്പ് രജനിയുടെ ബാബാ, ലിംഗ തുടങ്ങിയ ചിത്രങ്ങളും ബോക്‌സോഫീസില്‍ തകര്‍ന്നപ്പോള്‍ സമാനമായ പ്രതിഷേധവുമായി വിതരണക്കാര്‍ രംഗത്തുവന്നിരുന്നു. ഹിറ്റ് മേക്കറായ മുരുഗദോസ് ആദ്യമായാണ് രജനിയെ നായകനാക്കി സിനിമയെടുക്കുന്നത്.