വുഹാന്‍, ചൈന- നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിച്ച് 30 മണിക്കൂര്‍ മാത്രം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ നവജാത ശിശു. ലോകത്തിലെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ അഞ്ഞൂറോളം പേരാണ് മരിച്ചത്. ഗര്‍ഭാവസ്ഥയിലോ പ്രസവത്തിലോ അല്ലെങ്കില്‍ ജനിച്ചതിന് തൊട്ടുപിന്നാലെയോ അമ്മയില്‍ നിന്ന് കുട്ടിയിലേക്ക് വൈറസ് പടര്‍ന്നിരിക്കാനാണ് സാധ്യത. പ്രസവത്തിന് മുന്‍പ് തന്നെ കുട്ടിയുടെ അമ്മയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച രോഗം ബാധിച്ച അമ്മയ്ക്ക് ജനിച്ച കുഞ്ഞിന് വൈറസ് ബാധയേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.