ന്യൂദൽഹി- സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് അയോധ്യയിൽ രാമക്ഷേത്രം രൂപീകരിക്കുന്നതിനായി ട്രസ്റ്റ് രൂപീകരിച്ചു. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ച കാര്യം പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ലോക്‌സഭയിൽ അറിയിച്ചത്. രാമക്ഷേത്ര നിർമ്മാണത്തിനായി ട്രസ്റ്റിന് പൂർണ്ണ സ്വാതന്ത്യം ഉണ്ടാകുമെന്നും മോഡി അറിയിച്ചു.
ഇന്ന് രാവിലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാതലത്തിൽ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് സംബന്ധിച്ച് വിശദമായ പ്ലാൻ തയ്യാറാക്കിയെന്നും തന്റെ സർക്കാർ രൂപീകരിച്ച ട്രസ്റ്റിന് ശ്രീ രാമ ജന്മഭൂമി തീർത്ഥക്ഷേത്ര എന്നാണ് പേരെന്നും മോഡി ലോക്‌സഭയിൽ പ്രഖ്യാപിച്ചു. ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം നിലനിൽക്കെയാണ് പ്രഖ്യാപനമെന്നതും പ്രസക്തമാണ്. ലോകസഭയുടെ അജണ്ടയിൽ ഇത് നേരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ഇത് അജണ്ടയിൽ ഉൾപ്പെടുത്തികൊണ്ട് പ്രധാനമന്ത്രി തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തുകയായിരുന്നു. അതേസമയം, പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ജയ് ശ്രീറാം വിളികളോടെയാണ് ബി.ജെ.പി അനുകൂല ബെഞ്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. കാബിനറ്റ് തീരുമാനം എടുത്ത ഉടൻ ലോക്‌സഭയിലെത്തി മോഡി പ്രഖ്യാപനം നടത്തുകയായിരുന്നു.
അയോധ്യയിലെ മുഴുവൻ ഭൂമിയും ഈയൊരു ട്രസ്റ്റിന് നൽകാനാണ് സർക്കാർ തീരുമാനം. 67 ഏക്കർ ഭൂമിയിലും മറ്റാർക്കും എന്തെങ്കിലും ഒരു നിർമ്മാണ പ്രവർത്തനത്തിന് നൽകേണ്ടതില്ലെന്നതാണ് ഇപ്പോൾ കേന്ദ്രസർക്കാർ പ്രഖ്യാപനം.