Sorry, you need to enable JavaScript to visit this website.

ഡോ. കഫീൽഖാനെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരെ എയിംസ്; കഫീലിനെ ബലിയാടാക്കിയെന്ന് വിമർശനം

ന്യൂദൽഹി- ഗോരഖ്പൂരിൽ എഴുപതോളം കുട്ടികളുടെ കൂട്ടമരണം സംഭവിച്ച ആശുപത്രിയിലെ ശിശുരോഗ വിദ്ഗദൻ കഫീൽ അഹമ്മദിനെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരെ ദൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാർ രംഗത്തെത്തി. ദുരന്തങ്ങളുടെ പേരിൽ ഡോക്ടർമാരെ ബലിയാടാക്കുകയാണെന്ന് എ.ഐ.ഐ.എം.എസിലെ റസിഡന്റ് ഡോക്ടർമാരുടെ അസോസിയേഷന്റെ തലവനായ ഡോ. ഹർജിത് സിംഗ് ഭാട്ടി കുറ്റപ്പെടുത്തി. ഡോ. കഫീൽ അഹമ്മദിനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് അസോസിയേഷൻ സംസ്ഥാന സർക്കാറിന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായും കത്തിൽ ആരോപിക്കുന്നു. കുഞ്ഞുങ്ങളുടെ മരണം സംബന്ധിച്ച് ഡോക്ടർമാർ കുറ്റപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. തങ്ങളുടെ അയോഗ്യത മറച്ചുവെക്കാൻ വേണ്ടി ഡോക്ടർമാരെ പഴിചാരുകയാണ് രാഷ്ട്രീയക്കാർ. ഓക്്‌സിജൻ, ഗ്ലൗസുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഇല്ലാത്തതിന്റെ ഉത്തരവാദിത്തം ആർക്കാണെന്നും കത്തിൽ ചോദിക്കുന്നു. 
ഓക്‌സിജൻ വിതരണം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞദിവസമാണ് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ സർക്കാർ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിൽ എഴുപതോളം കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ മരിച്ചത്. ഓക്‌സിജൻ വിതരണം മുടങ്ങിയതിനെ തുടർന്ന് ഓക്‌സിജൻ സംഘടിപ്പിക്കുന്നതിന് ഓടിനടന്ന ഡോക്ടർ കഫീൽ ഖാനെ കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെയാണ് എയിംസ് രംഗത്തെത്തിയിക്കുന്നത്.
 

Latest News