ന്യൂദല്‍ഹി- സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കമ്പനികളെ താനും ബഹിഷ്കരിക്കുന്നുവെന്ന് ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ്. ഇൻഡിഗോ, എയര്‍ ഇന്ത്യ, ഗോ എയര്‍, സ്പൈസ്ജെറ്റ് എന്നീ വിമാനക്കമ്പനികള്‍ കമ്രക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുംവരെ താനും ഈ വിമാനങ്ങളില്‍ സഞ്ചരിക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
ഇന്ന് കൊക്കത്തയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ പോകേണ്ടിയിരുന്ന കശ്യപ് ഇന്ന് പുലര്‍ച്ചെ എയർ വിസ്താരയിലാണ് കൊല്‍ക്കത്തയിലേക്ക് യാത്രതിരിച്ചത്.
എനിക്ക് വേണ്ടി സംഘാടകര്‍ ഇന്‍ഡിഗോ ആയിരുന്നു ബുക്ക് ചെയ്തതിരുന്നത്. എന്നാല്‍ കമ്രയെ വിലക്കിയ ശേഷം താന്‍ അവരോട് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും അുരാഗ് കശ്യപ് ടെലഗ്രാഫിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഇന്‍ഡിഗോയില്‍ പോകാന്‍ ഞാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍ സംഘാടകര്‍ എന്നെ അറിയിച്ചത് വിസ്താരയില് യാത്ര ചെയ്യണമെങ്കില്‍ നിങ്ങള്‍ പുലര്‍ച്ചെ 4 മണിക്ക് എഴുനേല്ക്കേണ്ടിവരുമെന്നാണ്. എന്നാല്‍ ഞാന്‍ മറുപടികൊടുത്തത് 'പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേല്ക്കാന് എനിക്ക് കഴിയും പക്ഷെ, ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ കഴിയില്ല എന്നാണ്' അനുരാഗ് കശ്യപ് വ്യക്തമാക്കി.