Sorry, you need to enable JavaScript to visit this website.

പൗരത്വഭേദഗതിക്കെതിരെ നാടകം; വിദ്യാര്‍ഥികള്‍ക്ക് പോലീസ് പീഡനം തുടരുന്നു

ബെംഗളൂരു- പൗരത്വനിയമ ഭേദഗതിക്കും ദേശീയ പൗരത്വപട്ടികക്കുമെതിരെ നാടകം അവതരിപ്പിച്ച കേസില്‍ വിദ്യാര്‍ഥികളെ തുടര്‍ച്ചയായി നാലാം ദിവസവും ചോദ്യം ചെയ്തു. കര്‍ണാടക ബീദറിലുള്ള ഷഹീന്‍ പ്രൈമറി ഉര്‍ദു മീഡിയം സ്‌കൂളിലെത്തിയാണ് വിദ്യാര്‍ഥികളെ തുടര്‍ച്ചയായി ചോദ്യം ചെയ്തത്. എല്ലാ ദിവസവും ഉച്ചയ്ക്കു ശേഷം സ്‌കൂളില്‍ എത്തുന്ന പോലീസ് വിദ്യാര്‍ഥികളെ നാലു മുതല്‍ അഞ്ച് വരെ മണിക്കൂറുകള്‍ ചോദ്യം ചെയ്യുകയാണെന്ന്  സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

 

പൗരത്വനിയമ ഭേദഗതിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും വിമര്‍ശനങ്ങളുന്നയിച്ച നാടകം ജനുവരി 21നാണ് സ്‌കൂളില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് നാടകം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഇതിനു പിന്നാലെ സ്‌കൂള്‍ പ്രധാനാധ്യാപിക ഫരീദ ബിഗത്തേയും ഒരു വിദ്യാര്‍ഥിയുടെ മാതാവിനേയും അറസ്റ്റുചെയ്തു.

നാടകത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയാണ് പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നത്. ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് നാടകത്തില്‍ പങ്കെടുത്തത്. നാടകം എഴുതിയത് ആര്? അധ്യാപികയാണോ നാടകം പഠിപ്പിച്ചത്? തുടങ്ങിയ ചോദ്യങ്ങളാണ് പോലീസുകാര്‍ വിദ്യാര്‍ഥികളോട് ചോദിച്ചതെന്ന്  സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടാണ് വിദ്യാര്‍ഥികളെ ചോദ്യംചെയ്യുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസെത്തും. വൈകുന്നേരം നാലു മണിവരെ ചോദ്യംചെയ്യല്‍ തുടരും.
നാടകം അവതരിപ്പിച്ച വിദ്യാര്‍ഥികളില്‍ ഒരു കുട്ടിയുടെ മാതാപിതാക്കള്‍  ക്ഷമാപണം നടത്തി. വിദ്യാര്‍ഥികളെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് സ്‌കൂള്‍ സി.ഇ.ഒ തൗസീഫ് മടിക്കേരി പറഞ്ഞു.
മാനേജ്‌മെന്റിനെതിര എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരിക്കയാണെന്നും പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഉള്‍പ്പെടെ എല്ലാവരും മുന്‍കൂര്‍ ജാമ്യത്തിനു അപേക്ഷിച്ചിരിക്കയാണെന്നും കേസ് നാളെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News