ബെയ്ജിംഗ്- ചൈനയിലെ പുതിയ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി. രാജ്യത്ത് രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണവും ഗണ്യമായി വര്‍ധിക്കുകയാണ്. 20,438 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ദേശീയ ആരോഗ്യ കമ്മീഷന്‍ പുറത്തുവിട്ട പുതിയ കണക്ക്.
ചികിത്സയിലുണ്ടായിരുന്ന 64 പേര്‍ തിങ്കളാഴ്ച മരിച്ചു. 31 പ്രവിശ്യകളില്‍ നിന്നായി 3,235 പേര്‍ പുതുതായി ആശുപത്രിയില്‍ എത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
കൊറോണ വൈറസ് പൊട്ടിപൊട്ടിപ്പുറപ്പെട്ട വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെയ് പ്രവിശ്യയില്‍തന്നെയാണ് മരണം വര്‍ധിക്കുന്നത്.
വൈറസ് ബാധ സംശയിക്കുന്ന 5,072 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ 2,788 പേര്‍ ഗുരുതരാവസ്ഥയിലാണ്. 632 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. നിരീക്ഷണത്തിലാക്കിയ 2,21,015 പേരില്‍ 12,755 പേരെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങാന്‍ അനുവദിച്ചു.
വുഹാനില്‍ കൂടുതല്‍ രോഗികള്‍ക്ക് ചികിത്സ ഉറപ്പുവരുത്താന്‍ സ്റ്റേഡിയങ്ങളും ജിംനേഷ്യങ്ങളും എക്‌സിബിഷന്‍ സെന്ററുകളും ആശുപത്രികളാക്കി മാറ്റുകയാണ്. വുഹാന്‍ പട്ടണത്തിലെ ഒരു ജിംനേഷ്യവും എക്‌സിബിഷന്‍ സെന്ററും ഉള്‍പ്പെടെ മൂന്ന് കേന്ദ്രങ്ങള്‍ ആശുപത്രികളാക്കി മാറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊറോണയുടെ ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെയാണ് ഇവിടെ പാര്‍പ്പിക്കുക.