ലഖ്നൗ- പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് ആരോപിച്ച് ഉത്തർപ്രദേശ് സർക്കാർ സംഘടനക്കെതിരെ കർശന നടപടി സ്വീകരിക്കുന്നു. സംസ്ഥാന വ്യാപകമായി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ തുടങ്ങി. നാല് ദിവസത്തിനിടെ 108 പ്രവർത്തകരെ വിവിധ ജില്ലകളിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇത് തുടക്കം മാത്രമാണെന്ന് യോഗി ആദിത്യനാഥ് സർക്കാർ വ്യക്തമാക്കി. ഉത്തർ പ്രദേശിൽ പൗരത്വ പ്രക്ഷോഭത്തിനിടെ പോലീസ് വെടിവയ്പ്പിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു. സമരക്കാർക്ക് നേരെയും മുസ്ലിം വീടുകളിൽ കയറിയും പോലീസ് നടത്തിയ അതിക്രമങ്ങളുടെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ടിനെതിരെ യു.പി സർക്കാർ നടപടി തുടങ്ങിയിരിക്കുന്നത്.
പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് കൂട്ടഅറസ്റ്റ്.
കേരളത്തിലെ എൻ.ഡി.എഫ്, തമിഴ്നാട്ടിലെ എം.എൻ.പി, കർണാടകയിലെ കെ.എഫ്.ഡി എന്നീ സംഘടനകൾ ചേർന്ന് 2007 ലാണ് പോപ്പുലർ ഫ്രണ്ട് രൂപീകരിച്ചത്. ഇപ്പോൾ 22 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സംഘടന അവകാശപ്പെടുന്നു. ജാർഖണ്ഡിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടുണ്ട്.