ബംഗളുരു- കൊല്ലപ്പെട്ട കാട്ടുക്കൊള്ളക്കാരന്‍ വീരപ്പന്റെ സംഘത്തിലെ പ്രധാനിയായിരുന്ന 'പെണ്‍പുലി' സ്റ്റെല്ല മേരി അറസ്റ്റില്‍.27 വര്‍ഷമായി ഒളിവ് ജീവിതം നയിച്ചുവരികയായിരുന്ന സ്റ്റെല്ലാ മേരിയെ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ചാമരാജനഗറിലെ കൊല്ലെഗലില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് പോലിസ് സൂപ്രണ്ട് ആനന്ദ് കുമാര്‍ അറിയിച്ചു. കൃഷി സ്ഥലത്ത് ആനകളെ ഓടിക്കാനായി വെടിയുതിര്‍ത്തതുമായി ബന്ധപ്പെട്ടാണ് സ്റ്റെല്ലയെ ആദ്യം പോലിസ് പിടികൂടിയത്.
എന്നാല്‍ ഇവരുടെ തോക്ക് ഉപയോഗിക്കുന്നതിലുള്ള വൈദഗ്ധ്യം പോലിസില്‍ സംശയങ്ങളുയര്‍ത്തി.പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് വീരപ്പന്റെ സംഘത്തിലെ ഏറ്റവും മികച്ച ഷാര്‍പ്പ് ഷൂട്ടറാണ് സ്റ്റെല്ല മേരിയെന്ന് പോലിസിന് മനസിലായി. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്റ്റെല്ലക്കായി നടത്തിയ പോലിസിന്റെ തെരച്ചിലിലാണ് വീരപ്പന് കുടുങ്ങിയതെന്നാണ് അന്ന്പോലിസ് അവകാശപ്പെട്ടത്. പോലിസിന്റെ കണ്ണുവെട്ടിച്ച് സമാധാനപരമായി കുടുംബജീവിതം നയിച്ചുവരികയായിരുന്നു യുവതി.