ന്യൂദൽഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ നിർത്തിവെച്ചു. ഒന്നരവരെയാണ് ലോക്സഭ നിർത്തിവെച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും തുടർച്ചായായി മുദ്രാവാക്യങ്ങളുയർന്നതിനെ തുടർന്നാണ് ലോക്സഭ ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചത്. കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളുമാണ് മുദ്രാവാക്യം വിളിച്ചത്. കേന്ദ്ര ധന സഹമന്ത്രി അനുരാഗ് താക്കൂർ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ 'വെടിവെച്ചു കൊല്ലുന്നത് നിർത്തൂ' എന്ന് മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷം.
ദൽഹി നിയമസതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്ന താക്കൂറിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജാമിഅ മില്ലിയ സർവ്വകലാശാലയിൽ വീണ്ടും വെടി വെപ്പ് നടന്നിരുന്നു. സർവ്വകലാശാലയുടെ അഞ്ചാം നമ്പർ ഗേറ്റിനു സമീപമാണ് വെടിവെപ്പുണ്ടായത്. ചുവന്ന സ്കൂട്ടറിലെത്തിയ രണ്ടു പേർ വെടിയുതിർക്കുകയായിരുന്നു. ദൽഹിയിൽ ഇത് മൂന്നാം തവണയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കു നേരെ വെടിവെപ്പു നടക്കുന്നത്.