Sorry, you need to enable JavaScript to visit this website.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിരിഞ്ഞു

ലണ്ടന്‍- നാല്‍പ്പത്തിയേഴുവര്‍ഷത്തെ ബന്ധത്തിന് അവസാനം കുറിച്ച് യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ പിരിഞ്ഞു. ബ്രിട്ടീഷ് തെരുവുകളില്‍ ബ്രെക്‌സിറ്റിനെ അനൂലിക്കുന്നവര്‍ ആഹ്ലാദ പ്രകടനവും എതിര്‍ക്കുന്നവര്‍ പ്രതിഷേധ പ്രകടനവും നടത്തി. മൂന്നരവര്‍ഷത്തെ രാഷ്ട്രീയപിരിമുറുക്കങ്ങള്‍ക്ക് ഇതോടെ അവസാനമായി. ഇനി 27 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനിലുണ്ടാകുക. പലര്‍ക്കും ഇത് വിസ്മയകരമായ നിമിഷമാണ്, ഒരിക്കലും വരില്ലെന്ന് കരുതിയ നിമിഷം ബ്രെക്‌സിറ്റ് പൂര്‍ത്തിയായ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഉത്കണ്ഠയും നഷ്ടവും അനുഭവപ്പെടുന്ന പലരും ഉണ്ട്. കൂടാതെ മൂന്നാമത്തെ ഒരു സംഘവുമുണ്ട്, ഒരുപക്ഷേ ഏറ്റവും വലിയ സംഘമായിരിക്കുമത്.
മുഴുവന്‍ രാഷ്ട്രീയ കലഹവും ഒരിക്കലും അവസാനിക്കില്ലെന്ന് ആശങ്കപ്പെടുന്നവരായിരിക്കുമത്. ഈ വികാരങ്ങളെല്ലാം മനസ്സിലാക്കുന്നു. സര്‍ക്കാര്‍ എന്ന നിലയില്‍ ഞങ്ങളുടെ ജോലി, ഈ രാജ്യത്തെ ഇപ്പോള്‍ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിടുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും 11 മാസത്തെ സമയം (ട്രാന്‍സിഷന് പിരീഡ്) കൂടിയുണ്ട്.
ഡിസംബര്‍ 31നാണ് ബ്രിട്ടന് പൂര്‍ണ അര്‍ഥത്തില്‍ യൂണിയനില്‍നിന്ന് പുറത്തെത്തുക. അതുവരെ ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരമടക്കമുള്ള ഇ.യു. നിയമങ്ങള്‍ ബ്രിട്ടനും ബാധകമായിരിക്കും.യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിരിഞ്ഞെങ്കിലും ബ്രിട്ടന് സ്വതന്ത്രമാകാന്‍ വര്‍ഷാവസാനം വരെ കാത്തിരിക്കണം. ഈ സമയത്തിനുള്ളില്‍ ഭാവിബന്ധം എങ്ങനെയായിരിക്കണമെന്ന് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചചെയ്ത് ധാരണയിലെത്തണം.

Latest News