ദല്‍ഹി- കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും കാര്‍ഷിക,അടിസ്ഥാന സൗകര്യവികസനമേഖലകളില്‍ ഊന്നിയും മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് പ്രഖ്യാപനം പൂര്‍ത്തിയായി. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത സുഭദ്രമാണെന്നും ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും പറഞ്ഞുകൊണ്ട് ആരംഭിച്ച ബജറ്റ് പ്രസംഗത്തില്‍ കാര്‍ഷികമേഖല,അടിസ്ഥാന സൗകര്യവികസന മേഖലയിലും വന്‍ പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. ജിഎസ്ടി ചരിത്രപരമായ പരിഷ്‌കരമായിരുന്നുവെന്ന് ഊന്നിപ്പറഞ്ഞ ധനമന്ത്രി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന വ്യക്തികള്‍ക്ക് നിരക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദായ നികുതി ഘടനയില്‍ വരുത്തിയ മാറ്റം കാരണം സര്‍ക്കാരിന് 40,000 കോടിരൂപയുടെ നഷ്ടമാണ് സംഭവിക്കുകയെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. കര്‍ഷകര്‍ക്കായി 16 ഇന വികസന പദ്ധതികളാണ് പ്രഖ്യാപിച്ചത്.
2.83 ലക്ഷം കോടിയാണ് ഇതിനായി വകയിരുത്തിയത്. കിസാന്‍ റെയില്‍,കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ,കാര്‍ഷിക വിപണിയിലെ ഉദാരവത്കരണം എന്നിവ ഈ പദ്ധതികളില്‍ ചിലതാണ്. ആരോഗ്യമേഖലയ്ക്ക് ആകെ 69000 കോടിരൂപയാണ് ബജറ്റില്‍ വകയിരുത്തിയപ്പോള്‍ വിദ്യാഭ്യാസമേഖലയുടെ ഉന്നമനത്തിന് 69000 കോടിരൂപയും മാറ്റിവെച്ചു. വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 28600 കോടിരൂപയും ആദിവാസി ക്ഷേമത്തിന് 53700 കോടിയും പട്ടികജാതി-പിന്നോക്ക വിഭാഗങ്ങളുടെ വികസനത്തിന് 85000 കോടിരൂപയും നീക്കിവെച്ചു.ഗ്രാമീണമേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 1.23 ലക്ഷം കോടി അടിസ്ഥാന സൗകര്യവികസനമേഖലയില്‍ വരുന്ന അഞ്ച് വര്‍ഷം കൊണ്ട് 100 ലക്ഷം കോടി രൂപയും ചെലവിടും. വ്യവസായ വാണിജ്യ മേഖലയുടെ വികസനത്തിന് 273000 കോടിരൂപയാണ് ധനവകുപ്പ് മന്ത്രി മാറ്റിവെച്ചത്. പ്രതിരോധമേഖലയില്‍ 1,10,734 കോടി രൂപയാണ് ഈ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.