കല്‍പ്പറ്റ- ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ പൊതുചടങ്ങില്‍ കുട്ടിയെ നിര്‍ബന്ധിപ്പിച്ച് മൈക്കിലൂടെ കൂവിപ്പിച്ച നടന്‍ ടൊവിനോ തോമസിനെതിരെ കെഎസ്‌യു. മാനന്തവാടി മേരിമാതാ കോളജിലെ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുപരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു താരം. ടൊവിനോയുടെ പ്രസംഗത്തിനിടെ സദസിലിരുന്ന് കൂവിയ വിദ്യാര്‍ത്ഥിയെ താരം സ്റ്റേജിലേക്ക് വിളിച്ചുവരുത്തിയ ശേഷം മൈക്കിലൂടെ കൂവാന്‍ നിര്‍ബന്ധിച്ചു.
ഒരു തവണ നിര്‍ബന്ധത്തിന് വഴങ്ങി വിദ്യാര്‍ത്ഥി കൂവി സ്റ്റേജ് വിടാനൊരുങ്ങിയപ്പോള്‍ നിര്‍ബന്ധിച്ച് നാലുതവണ മൈക്കിലൂടെ കൂവിപ്പിച്ച് വിദ്യാര്‍ത്ഥിയെ താരം അവഹേളിച്ചുവെന്നാണ് ആരോപണം. താരത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ് യു രംഗത്തെത്തി.ജില്ലാകളക്ടര്‍ അടക്കമുള്ള പ്രമുഖരുള്ള വേദിയിലാണ് ഈ സംഭവം നടന്നത്. വിദ്യാര്‍ത്ഥിയെ പൊതുജന മധ്യത്തില്‍ അപമാനിച്ച താരത്തിനെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കാനാണ് കെഎസ് യുവിന്റെ തീരുമാനം. വയനാട് എസ്പി ക്ക് പരാതി നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.