ഫാറൂഖാബാദ്- ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ കൊലക്കേസ് പ്രതിയെ വെടിവെച്ച് കൊന്ന് 23 കുട്ടികളെ മോചിപ്പിച്ചു. ആറു മാസത്തിനും 15 വയസ്സിനുമിടയിലുള്ള 23 കുട്ടികളെയാണ് സുഭാഷ് ബോതം എന്നയാള്‍ വീട്ടില്‍ ബന്ദികളാക്കിയിരുന്നത്.
വ്യാഴാഴ്ച അര്‍ധരാത്രിക്കുശേഷമാണ് പോലീസ് നടപടി വിജയിച്ചത്. കസാരിയ ഗ്രാമത്തില്‍ വൈകിട്ട് ആരംഭിച്ച ബന്ദിനാടകം അവസാനിക്കാന്‍ എട്ടു മണിക്കൂര്‍ വേണ്ടിവന്നു. മകളുടെ ജന്മദിനാഘോഷത്തിനു വിളിച്ചാണ് കുട്ടികളെ പ്രതി പിടിച്ചുവെച്ചിരുന്നത്.
പ്രതി കൊല്ലപ്പെട്ടതായും കുട്ടികള്‍ സുരക്ഷിതരാണെന്നും പുലര്‍ച്ചെ ഒന്നരക്ക് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാഷ് അവാസ്തി പറഞ്ഞു.
പ്രതിയുമായി തുടര്‍ച്ചയായി ചര്‍ച്ച നടത്തിയിരുന്നുവെന്നും പക്ഷേ പിന്നീട് പ്രതിയുടെ പക്കല്‍ സ്ഫാടക വസ്തുക്കളുണ്ടെന്ന് വ്യക്തമായതായും ഡി.ജി.പി ഒ.പി സിംഗ് പറഞ്ഞു. ആറു മാസം പ്രായമായ ഒരു കുട്ടിയെ പ്രതി ബാല്‍ക്കണിയിലുടെ അയല്‍വാസികള്‍ക്ക് കൈമാറിയിരുന്നു.
തലസ്ഥാനമായ ലഖ്‌നോയില്‍നിന്ന് 200 കി.മീ മാത്രം അകലെയുള്ള ഫാറൂഖാബാദിലെ സ്ഥിതിഗതികള്‍ നേരിടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിസന്ധി നിവാരണ സംഘത്തിന്റെ യോഗം വിളിച്ചിരുന്നു.