ബീജിംഗ്- ഒരു രോഗത്തെക്കുറിച്ച് ആരെങ്കിലും മുന്നറിയിപ്പ് നല്‍കിയാല്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാരുകള്‍ ഇതേക്കുറിച്ച് പരിശോധിക്കും. എന്നാല്‍ സ്വാതന്ത്ര്യം പേരിന് പോലും ഇല്ലാത്ത ചൈനയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയെന്ന പേരില്‍ അറസ്റ്റ് ചെയ്ത് അപമാനിക്കുകയാണ് ചെയ്തതെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നതും ചുരുക്കമാണ്.
ചൈനയിലെ പരമോന്നത കോടതി രാജ്യത്തെ പോലീസ് സേനയ്‌ക്കെതിരെ വിഷയത്തില്‍ ശക്തമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചതോടെയാണ് ഭരണപക്ഷമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ ഭാഗമായ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ അപൂര്‍വ്വമായ രംഗങ്ങള്‍ സംഭവിച്ചത്. ജനുവരി 1ന് സാര്‍സിന് സമാനമായ വൈറസ് പടര്‍ന്നുപിടിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട എട്ട് പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിനാണ് വുഹാന്‍ പോലീസിനെ സുപ്രീം പീപ്പിള്‍സ് കോടതി വിളിച്ചുവരുത്തിയത്.
വുഹാന്‍ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പോലീസ് സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ പീഡിപ്പിച്ചത്. നഗരത്തിലെ സീഫുഡ്, മത്സ്യ മാര്‍ക്കറ്റില്‍ നിന്നും ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ന്യൂമോണിയ സ്ഥിരീകരിച്ചതായാണ് ഡോക്ടര്‍ വാര്‍ത്ത പങ്കുവെച്ചത്. ഈ മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണയിലെ 90 ശതമാനം കേസുകളും ബന്ധപ്പെട്ട് കിടക്കുന്നത്. ഇത് പുതിയ തരം വൈറസാണെന്ന് ഗ്രൂപ്പില്‍ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയെന്ന് ബീജിംഗ് യൂത്ത് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതില്‍ ജാഗ്രത പാലിക്കുന്നതിന് പകരം അഭ്യൂഹങ്ങളായാണ് പോലീസ് പോസ്റ്റിനെ സമീപിച്ചത്. ഈ വിവരം ആളുകളിലേക്ക് കൃത്യമായി എത്തി മാര്‍ക്കറ്റില്‍ നിന്നും വന്യമൃഗങ്ങളെ ഭക്ഷിക്കാന്‍ വാങ്ങാതിരിക്കുകയും, ശുചിത്വ നടപടികളും, പ്രതിരോധത്തിലും ശ്രദ്ധിച്ചിരുന്നെങ്കില്‍ രോഗം പടരില്ലായിരുന്നുവെന്നാണ് ജഡ്ജി ചൂണ്ടിക്കാണിച്ചത്.
അറസ്റ്റിലായ ഡോക്ടര്‍ക്കും മറ്റുള്ളവര്‍ക്കും പിന്തുണയുമായി ചൈനയിലെ മുതിര്‍ന്ന എപിഡെമോളജിസ്റ്റ് രംഗത്തെത്തി. പകര്‍ച്ചവ്യാധി പടരുന്നതിന് മുന്‍പ് തന്നെ ഈ വിവരം തിരിച്ചറിഞ്ഞ ഇവരെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ & പ്രിവന്‍ഷന്‍ ചീഫ് എപിഡെമോളജിസ്റ്റ് സെംഗ് ഗുവാംഗ് പ്രതികരിച്ചു.