Sorry, you need to enable JavaScript to visit this website.

വെടിയുതിര്‍ത്തത് ജാമിഅ സമരക്കാരെന്ന് വ്യാജവാര്‍ത്ത; റിപ്പബ്ലിക്ക് ടിവി കൊടും വിഷമെന്ന് രാജീവ് സര്‍ദേശായി

ന്യൂദല്‍ഹി- ജാമിഅ മില്ലിയയില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ വ്യാജവാര്‍ത്ത നല്‍കിയ റിപ്പബ്ലിക് ടിവിക്കെതിരെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. റിപ്പബ്ലിക് ടിവി കൊടും വിഷമാണെന്നും ചാനലിന്റെ ലൈസന്‍സ് ആറുമാസത്തേക്ക് എങ്കിലും സസ്‌പെന്റ് ചെയ്യാന്‍ ഈ വ്യാജ വാര്‍ത്ത ധാരാളമാണെന്നും രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തു. റിപ്പബ്ലിക് ടിവിയുടെ വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാമാണ് രാജ്ദീപിന്റെ ട്വീറ്റ്. 

'ജാമിയ സമരക്കാര്‍ വെടിയുതിര്‍ത്തു’ എന്നായിരുന്നു റിപ്പബ്ലിക് ടിവിയുടെ വ്യാജ ബ്രേക്കിങ് ന്യൂസ്. വെടിവെച്ചയാളെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പോലീസ് പിടികൂടിയിരുന്നെങ്കിലും ഇത് മറച്ചുവച്ചായിരുന്നു സമരക്കാര്‍ക്ക് എതിരെ അര്‍ണബ് ഗോസ്വാമിയുടെ ചാനലിന്റെ പ്രചരണം. 

പോലിസ്‌ നോക്കിനില്‍ക്കേ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്‌ തീവ്രഹിന്ദുത്വ ആശയക്കാരനായ രാംഭക്ത് ഗോപാല്‍ എന്നയാളാണെന്ന് വ്യക്തമായിട്ടുണ്ട്. സ്വന്തം പ്രൊഫൈല്‍ വഴി ഫേസ്ബുക്ക്‌ ലൈവില്‍ സംഭവ സ്ഥലത്ത് നിന്നുള്ള നാല് തത്സയ വീഡിയോയ്ക്ക് പുറമെ 'ഷഹീന്‍ ബാഗ്, കളി അവസാനിച്ചു' എന്ന് അക്രമി ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.
ഇതേ പ്രൊഫൈലില്‍ അക്രമത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ്, 'എന്‍റെ അവസാന യാത്രയില്‍ എന്നെ കാവി വസ്ത്രങ്ങള്‍ ധരിപ്പിച്ച് ജയ്ശ്രാം ചൊല്ലുക' എന്നും കുറിച്ചിട്ടുണ്ട്. ജാമിഅയില്‍ 'ഇതാ നിങ്ങള്‍ക്കുള്ള ആസാദി' എന്ന് അലറി കൊണ്ടായിരുന്നു രാംഭക്ത് ഗോപാല്‍ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ 
ഗുരുതരമായി പരുക്കേറ്റ ജാമിയ വിദ്യാര്‍ഥി ഷദാബ് ഫാറൂഖ് ദല്‍ഹിയില്‍ എയിംസില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest News