ലഖ്‌നൗ- പൗരത്വഭേദഗതിയില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന രക്ഷിതാക്കള്‍ക്ക് എതിരെ ലഖ്‌നൗ ശിശുക്ഷേമ സമിതി. 'കുട്ടികളെ പൗരത്വഭേദഗതി റാലിയില്‍ പങ്കെടുപ്പിക്കരുത്.കുട്ടികളെ ഉടന്‍ നാട്ടിലേക്ക് അയക്കണം.അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നു'മാണ് ലഖ്‌നൗ സിഡബ്യുസി നല്‍കിയ നോട്ടീസില്‍ പറയുന്നത്.. കുട്ടികള്‍ സ്‌കൂളില്‍ പോകാതെ ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ടെന്നും അവര്‍ ഉച്ചഭക്ഷണം പോലും കഴിക്കുന്നില്ലെന്നും ശിശുക്ഷേമസമിതിയുടെ നോട്ടീസില്‍ പറയുന്നു.
കുട്ടികളില്‍ മാനസികസമ്മര്‍ദ്ദം ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.അതുകൊണ്ട് തന്നെ ഇവരെ സമരം നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് തിരിച്ചയക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ശിശുസംരക്ഷണ നിയമം സെക്ഷന്‍ 75 പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ക്ലോക്ക് ടവറില്‍ പൗരത്വഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവരോട് ശിശുക്ഷേമസമിതി വ്യക്തമാക്കി. സിഡബ്യുസി ചെയര്‍മാന്‍ കുല്‍ദീപ് രഞ്ജന്‍ അടക്കമുള്ള നാലംഗ സമിതിയാണ് മുന്നറിയിപ്പ് നല്‍കി പ്രസ്താവന ഇറക്കിയത്. ഇത്തരം മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും നേരെ ഒരു ലക്ഷം രൂപ പിഴയോ, മൂന്ന് വര്‍ഷം വരെ തടവും പിഴശിക്ഷയുമോ അനുഭവിക്കേണ്ടി വരുമെന്നും ഇവര്‍ പറഞ്ഞു.