Sorry, you need to enable JavaScript to visit this website.

ആരുമറിയാതെ പാചക വാതക വില കൂടുന്നു; 150 രൂപ വരെ വര്‍ധിച്ചേക്കും, സര്‍ക്കാര്‍ സബ്‌സിഡിയും നിര്‍ത്തും

ന്യൂദല്‍ഹി- അധികമാരും അറിയാതെ രാജ്യത്ത് പാചക വാതക വില ഉയര്‍ന്നു കൊണ്ടിരിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ജൂലൈ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ പ്രതിമാസം ശരാശരി പത്തു രൂപ വീതമാണ് വീടുകളില്‍ ഉപയോഗിക്കുന്ന സബ്‌സിഡിയുള്ള പാചക വാതകത്തിന് വില വര്‍ധിച്ചത്. അതായത് സാധാരണക്കാര്‍ വിപണി വിലയ്ക്കു ഏതാണ്ട് തുല്യമായ തുകയാണ് ഗ്യാസിനു വേണ്ടി മുടക്കിക്കൊണ്ടിരിക്കുന്നത്. ഇത് ഇവിടെയും നില്‍ക്കില്ലെന്നാണ് സൂചന. അടുത്ത ഒരു വര്‍ഷത്തനകം പാചക വാതക വില 100 രൂപ മുതല്‍ 150 രൂപ വരെ വര്‍ധിക്കും. 2022 സാമ്പത്തിക വര്‍ഷത്തോടെ ഇന്ധന സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണ് ഈ വിലവര്‍ധനയ്ക്കു പിന്നില്‍.

ഇന്ധന വിലയിലുണ്ടായ കുറവ് മുതലെടുത്ത് പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് സബ്‌സിഡിയുള്ള എല്‍പിജി സിലിണ്ടര്‍ (14.2 kg) വില പടിപടിയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. ഇങ്ങനെ വിലയ ഉയരുന്നതിനനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു നല്‍കി വരുന്ന സബ്‌സിഡി തുക പൂര്‍ണമായും ഒരു വര്‍ഷത്തിനകം നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. 

2019 ജൂലൈ മുതല്‍ 2020 ജനുവരി വരെ ഇതിനകം എണ്ണ കമ്പനികള്‍ സബിസിഡിയുള്ള എല്‍പിജി സിലിണ്ടര്‍ വില 63 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് മാസം 10 രൂപ വീതം ഇനിയും കമ്പനികള്‍ വില വര്‍ധിപ്പിച്ചാല്‍ അടുത്ത 15 മാസത്തിനുള്ളില്‍ സര്‍ക്കാരിന് സബ്‌സിഡി പൂര്‍ണമായും നിര്‍ത്താന്‍ വഴിയൊരുങ്ങും.

സബ്‌സിഡിയുള്ള എല്‍പിജി സിലിണ്ടറിന് ഇപ്പോള്‍ 557 രൂപയോളമാണ് വില. ഇതൊടൊപ്പം 157 രൂപ സര്‍ക്കാര്‍ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡിയായി നേരിട്ടും നല്‍കി വരുന്നു. ആഗോള വിപണിയില്‍ ഇന്ധന വില ഇനിയും ഇടിഞ്ഞാല്‍ സബ്‌സിഡി തുകയും കുറയും. 2021 സാമ്പത്തിക വര്‍ഷം ഏതാണ്ട് പൂര്‍ണമായും അസംസ്‌കൃത എണ്ണ വില ബാരലിന് 60 ഡോളറില്‍ താഴെയായിരിക്കുമെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
 

Latest News