മുംബൈ-രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് വിവാദങ്ങളിലേക്ക് ചിലര്‍ തന്റെ പേരു വലിച്ചിഴക്കുന്നതെന്ന് പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ച മുന്‍ പാക്കിസ്ഥാനി സംഗീതജ്ഞന്‍ അദ്‌നാന്‍ സാമി. 2016 ല്‍ ഇന്ത്യന്‍ പൗരത്വം നേടിയ അദ്‌നാന്‍ സാമിക്ക് നല്‍കിയ പുരസ്‌കാരം സമൂഹ മാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വന്‍വിവാദം സൃഷ്ടിച്ചിരുന്നു.
എല്ലാവരുമായും താന്‍ നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്ന് പറഞ്ഞ അദ്‌നാന്‍ സാമി പുരസ്‌കാരം നല്‍കിയതിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും സംഗീതജ്ഞനാണെന്നും അതുകൊണ്ട് തന്നെ രാഷ്ട്രീയ അജണ്ടകളും വിവാദങ്ങളും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ പിതാവിനെ എന്തിനാണ് വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതെന്ന് 46 കാരനായ ഗായകന്‍ ചോദിക്കുന്നു. ഫൈറ്റര്‍ പൈലറ്റായിരുന്ന പിതാവ് അദ്ദേഹത്തിന്റെ രാജ്യത്തിനുവേണ്ടി മികച്ച സേവനങ്ങളര്‍പ്പിച്ച് പുരസ്‌കാരങ്ങള്‍ നേടിയ ആളാണ്. അതില്‍നിന്ന് തനിക്കൊരു നേട്ടവുമുണ്ടായിട്ടില്ല. അതുപോലെ എന്റെ നേട്ടത്തില്‍നിന്ന് അദ്ദേഹത്തിനു നേട്ടമില്ല-അദ്‌നാന്‍ സാമി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ മുഖം രക്ഷിക്കാനാണ് അദ്‌നാന്‍ സാമിക്ക് പത്മശ്രീ നല്‍കിയതെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ വികസന മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക് ആരോപിച്ചിരുന്നു.