മുര്‍ഷിദാബാദ്- പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ നടന്ന ബന്ദിനും പ്രതിഷേധത്തിനിടെ നടന്ന ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. മുര്‍ഷിദാബാദിലാണ് സംഭവം. പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെപ്പും പെട്രോള്‍ ബോംബേറുമുണ്ടായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അനാറുല്‍ ബിശ്വാസ്(50), സലാഹുദ്ദീന് ഷെയ്ഖ്(17) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ ജലംഗി പോലീസ് സ്റ്റേഷന് പരിധിയില്‍ പെടുന്ന സാഹേബ് നഗര്‍ മാര്‍ക്കറ്റിന് സമീപത്തായിരുന്നു ആക്രമണം.
ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇക്കാര്യം നിഷേധിച്ചു. ഏതാനും പേരെ സംഭവ സ്ഥലത്തുവെച്ച് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ജലംഗി എസ്.ഡി.പി.ഒ സന്ദീപ് സെന്‍ പറഞ്ഞു. സി.എ.എക്കെതിരെ രൂപീകരിച്ച ഗണതന്ത്രിക മഞ്ച് സാഹെബ് നാഗറില് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ബന്ദിനെ അനുകൂലിക്കുന്നവര്‍ റോഡുകള്‍ തടയുകയും വ്യാപാരികളെ കടകള്‍ അടക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും പറയുന്നു.
ടി.എം.സി ജലംഗി ബ്ലോക്ക് പ്രസിഡന്റ് താഹിറുദ്ദീന്‍ മൊണ്ടോളിന്റെ നേതൃത്വത്തില്‍ ഒരു സംഘം സ്ഥലത്തെത്തി റോഡ് ബ്ലോക്ക് നീക്കാന്‍ ആവശ്യപ്പെട്ടത് വാക്കുതര്‍ക്കത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. തുടര്‍ന്നാണ് അക്രമികള്‍ ബോംബെറിഞ്ഞത്. ഏതാനും വാഹനങ്ങളും മോട്ടോര്‍ ബൈക്കുകളും കത്തിക്കുകയും ചെയ്തു.
ബന്ദിനെ തങ്ങള്‍ അനുകൂലിക്കുന്നില്ലെന്നും ബന്ദനുകൂലികള്‍ കടകള്‍ അടക്കാന്‍ നിര്‍ബന്ധിച്ചുവെന്നും താഹിറുദ്ദീന്‍ പരഞ്ഞു. ബന്ദനുകൂലികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസും സി.പി.എമ്മുമാണ് മരണത്തിന് ഉത്തരവാദികളെന്നും കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ വന്‍പോലീസ് സന്നാഹത്തെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. മാള്‍ഡയിലും മുര്‍ഷിദാബാദിലും സി.എ.എക്കും എന്‍.ആര്.സിക്കുമെതിരെ പ്രതിഷേധം രൂക്ഷമായതിനിടെയാണ് പുതിയ സംഭവം. മൂന്ന് പേരാണ് കസ്റ്റിഡിയിലുള്ളതെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സംഭവത്തില്‍ ടി.എം.സിക്ക് പങ്കില്ലെന്നും ബന്ദനുകൂലികള്‍ തന്നെയാണ് വെടിവെച്ചതെന്നും ടി.എം.സി എം.എല്‍.എ അബ്ദുറസാഖ് പറഞ്ഞു. സി.എ.എക്കെതിരെ സമരം ചെയ്യുന്ന സാധാരണക്കാര്‍ക്കുനേരെ ടി.എം.സി നേതാക്കളാണ് ആക്രമണം ആസൂതണം ചെയ്തതെന്ന് ബെര്‍ഹാംപൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ അധിര്‍ ചൗധരി ആരോപിച്ചു.
സി.എ.എ, എന്‍.ആര്.സി വിരുദ്ധ സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നും മുര്‍ഷിദാബാദ് ടി.എം.സി പ്രസിഡന്റും എം.പിയുമായ അബു താഹിര്‍ ഖാന് പറഞ്ഞു. നീതിപൂര്‍വ്വകമായ അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു.