എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലേക്ക്? താല്‍പര്യം പ്രകടിപ്പിച്ച് വിസ്താര

മുംബൈ- കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്കു വച്ച പൊതുമേഖലാ കമ്പനിയായ എയര്‍ ഇന്ത്യ രാജ്യത്ത് ആദ്യമായി സ്വകാര്യ വിമാന സര്‍വീസിന് തുടക്കമിട്ട ടാറ്റയുടെ കരങ്ങളില്‍ തിരിച്ചെത്തിയേക്കും. എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരിയും വില്‍ക്കുന്നുവെന്ന വാഗ്ദാനം മൂല്യവത്താണെന്ന് ടാറ്റയുടെ കീഴിലുള്ള വിമാന കമ്പനിയായ വിസ്താര എയര്‍ലൈന്‍സ് വിലയിരുത്തുന്നു. 1932ല്‍ ടാറ്റ എയര്‍ലൈന്‍സ് ആണ് ഇന്ത്യയില്‍ ആദ്യമായി ഷെഡ്യൂള്‍ഡ് വിമാനസര്‍വീസ് ആരംഭിച്ചത്. ടാറ്റ കമ്പനിയുടെ സ്ഥാപകന്‍ ജെ ആര്‍ ഡി ടാറ്റ തന്നെയാണ് കറാച്ചിയില്‍ നിന്ന് അഹമ്മദാബാദ് വഴി മുംബൈയിലേക്കുള്ള ആദ്യ വിമാനം പറത്തി ചരിത്രം സൃഷ്ടിച്ചതും. 1946ല്‍ ടാറ്റ ഈ കമ്പനിയെ എയര്‍ ഇന്ത്യ എന്ന് പുനര്‍നാമകരണം ചെയ്ത് പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി. സ്വാതന്ത്ര്യത്തിനു ശേഷം കമ്പനിയെ കേന്ദ്ര സര്‍ക്കാര്‍ ദേശസാത്കരിച്ച് പൂര്‍ണമായും സ്വന്തമാക്കുകയായിരുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ പൂര്‍ണമായും വില്‍ക്കാനൊരുങ്ങുമ്പോള്‍ വിസ്താരയിലൂടെ ടാറ്റ വീണ്ടും കമ്പനിയെ സ്വന്തമാക്കുമോ എന്നാണ് അറിയാനിരിക്കുന്നത്. വിസ്താരയുള്‍പ്പെടെ ഏഴ് കമ്പനികള്‍ എയര്‍ ഇന്ത്യയില്‍ താല്‍പര്യം പ്രകടിപ്പിച്ചതായി നേരത്തെ വ്യോമയാന മന്ത്രി പറഞ്ഞിരുന്നു. 

ടാറ്റ സണ്‍സും സിംഗപൂര്‍ എയര്‍ലൈന്‍സും ചേര്‍ന്നുള്ള സംയുക്ത സംരഭമാണ് വിസ്താര എയര്‍ലൈന്‍സ്. ടാറ്റയ്ക്ക് 51 ശതമാനവും സിംഗപൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവുമാണ് വിസ്താരയിലെ പങ്ക്. ഈ രണ്ടു കമ്പനികളും ചേര്‍ന്ന് 1990കളില്‍ പുതിയ വിമാന കമ്പനി തുടങ്ങാന്‍ നീക്കം നടത്തിയിരുന്നെങ്കിലും നടക്കാതെ പോയി. പി്ന്നീട് 2014ല്‍ ആണ് ഈ രണ്ടു കമ്പനികളും ചേര്‍ന്ന് വിസ്താര സ്ഥാപിച്ചത്. 2015 ജനുവരി ഒമ്പതിനായിരുന്നു ആദ്യ സര്‍വീസ്. ഇപ്പോള്‍ ഇന്ത്യന്‍ വ്യോമയാന രംഗത്ത് 4.7 ശതമാനം വിപണി വിസ്താരയ്ക്കുണ്ട്. ഇന്ത്യയിലെ ആറാമത്തെ വലിയ ആഭ്യന്തര വിമാന കമ്പനിയുമാണ്. 

എയര്‍ ഇന്ത്യയെ സ്വന്തമാക്കുകയാണെങ്കില്‍ വിസ്താര ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായി മാറും. എയര്‍ ഇന്ത്യ വാങ്ങുന്നതിനുള്ള താല്‍പര്യ പത്രം സമര്‍പ്പിക്കേണ്ട അവസാന തീയത് മാര്‍ച്ച് 17 ആണ്. ഏറ്റവും കൂടുതല്‍ വില നല്‍കുന്നവര്‍ക്ക് സ്വാഭാവികമായും എയര്‍ ഇന്ത്യ സ്വന്തമാക്കാം. ആരാകും ഇതെന്നാണ് വിപണി ഉറ്റുനോക്കുന്നത്. 

Latest News