കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി ഫലസ്തീന്‍ രാഷ്ട്രം- ട്രംപിന്റെ പ്രഖ്യാപനം

വാഷിംഗ്ടന്‍- കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രായില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമൊത്ത് വൈറ്റ് ഹൗസിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഫലസ്തീനില്‍ സമാധാനം കൈവരിക്കാനുള്ള അവസാനത്തെ മാര്‍ഗമിതാണെന്നും ട്രംപ് പറഞ്ഞു.
 ജറൂസലമിനെ ഇസ്രായില്‍ തലസ്ഥാനമായി നേരത്തെ അംഗീകരിച്ച അമേരിക്ക, അതിന്റെ ഒരു ഭാഗം ഫലസ്തീനികള്‍ക്ക് നല്‍കാമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെക്കുന്നത്. ഇതോടെ കിഴക്കന്‍ ജറൂസലം ഇരട്ടപ്പദവിയുള്ള പ്രദേശമാകും. എന്നാല്‍ ഫലസ്തീന്‍ നേതാക്കളാരും പ്രഖ്യാപനത്തിന് സന്നിഹിതരായിരുന്നില്ല.
ഇസ്രായിലി കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണം നാലു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കും, ഫലസ്തീന്‍ ഭൂപ്രദേശം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കും തുടങ്ങിയ നിര്‍ദേശങ്ങളും ട്രംപിന്റെ പ്രഖ്യാപനത്തിലുണ്ട്.
ജറൂസലമായിരിക്കും ഇസ്രായിലിന്റെ തലസ്ഥാനമെന്നും ഇത് പ്രധാനമാണെന്നും ട്രംപ് പറഞ്ഞു. സമാധാനത്തിന് വിട്ടുവീഴ്ച ആവശ്യമാണ്. എന്നാല്‍ ഇസ്രായിലിന്റെ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ച സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
നെതന്യാഹുവിന്റെ നിര്‍ദേശങ്ങളാണ് തന്റെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനമായി വര്‍ത്തിച്ചതെന്ന് ട്രംപ് പറഞ്ഞു.
ഇസ്രായില്‍ അനുകൂല നിലപാടാണ് ട്രംപ് പ്രഖ്യാപിക്കാന്‍ പോകുന്നതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
ശുഭാപ്തി വിശ്വാസത്തോടെയാണു കാര്യങ്ങള്‍ കാണുന്നതെന്ന് ട്രംപ് പ്രതികരിച്ചു. സെനറ്റിന്റെ ഇംപീച്ച്‌മെന്റ് നടപടികള്‍ നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കവെയാണ് ട്രംപിന്റെ നീക്കം. അറബ് രാജ്യങ്ങളും പലസ്തീനില്‍നിന്നുള്ളവരും തന്റെ നീക്കത്തെ പിന്തുണക്കുന്നതായാണു ട്രംപിന്റെ അവകാശവാദം. വൈറ്റ് ഹൗസിലെ ഇസ്രായിലിന്റെ ഏറ്റവും വലിയ സുഹൃത്താണ് ട്രംപ് എന്നു നെതന്യാഹു പ്രതികരിച്ചു. നൂറ്റാണ്ടിലെ കരാര്‍' എന്നാണു പദ്ധതിയെ നെതന്യാഹു വിശേഷിപ്പിച്ചത്.
വൈറ്റ് ഹൗസില്‍ നടക്കുന്ന പരിപാടിയിലേക്കു പലസ്തീനില്‍നിന്ന് ആരെയും ക്ഷണിച്ചിട്ടില്ല. ട്രംപിന്റെ മരുമകന്‍ ജറാദ് കുഷ്‌നറുടെ മേല്‍നോട്ടത്തില്‍ നടന്ന പദ്ധതിയുടെ രൂപീകരണത്തില്‍ ഒരു പങ്കുമില്ലെന്നാണു പലസ്തീന്‍ നേതാക്കളുടെ വാദം. യു.എസ് നീക്കത്തെ പലസ്തീന്‍ പ്രധാനമന്ത്രി നേരത്തേ തള്ളിയിട്ടുണ്ട്. ട്രംപിനെ ഇംപീച്ച്‌മെന്റില്‍നിന്നും നെതന്യാഹുവിനെ ജയില്‍വാസത്തില്‍നിന്നും രക്ഷിക്കാനുള്ള തീരുമാനമാണിതെന്നും അദ്ദേഹം ആരോപിച്ചു.
ട്രംപിന്റെ പ്രഖ്യാപനം ഫലസ്തീന്‍ സംഘടനായ ഹമാസും തള്ളി.

 

Latest News