ലഖ്നൗ- ഉത്തർപ്രദേശിലെ മദ്രസ ശിക്ഷ പരിഷതിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മദ്രസകൾ, സ്വാതന്ത്ര്യദിനത്തിൽ സാംസ്കാരിക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും അവ പൂർണമായും വീഡിയോയിലും ക്യാമറകളിലും പകർത്തി തെളിവായി സൂക്ഷിക്കണമെന്നും നിർദേശം. മദ്രസകൾ സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്യുക പതിവാണ്. ഇത്തവണ ഇതുകൂടാതെ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കണമെന്നും അത് വീഡിയോയിൽ പകർത്തി സൂക്ഷിക്കണമെന്നുമാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ നിർദേശം.
രാജ്യത്തെ മുസ്ലിംകൾക്കിടയിൽ അരക്ഷിതാവസ്ഥയെന്ന തോന്നലുണ്ടെന്ന സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ അഭിമുഖം പുറത്തുവന്ന അടുത്ത ദിവസം തന്നെയാണ് ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി. അൻസാരിയുടെ പരാമർശത്തിനെതിരെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ബി.ജെ.പി നേതാക്കളും രംഗത്തുവന്നിരുന്നു. തങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്ന് മദ്രസ അധികൃതർ പ്രതികരിച്ചിട്ടുണ്ട്.
മദ്രസ പരിഷത്ത് ബോർഡ് ആണ് ഇതുസംബന്ധിച്ച സർക്കുലർ ജില്ലാ ന്യൂനപക്ഷ ഓഫീസർമാർക്ക് നൽകിയത്. ഈ മാസം മൂന്നിനാണ് സർക്കുലർ ഇറങ്ങിയത്.
ഓഗസ്റ്റ് 15 ന് രാവിലെ എട്ട് മണിക്ക് ദേശീയപതാക ഉയർത്തണമെന്നും തുടർന്ന് ദേശീയഗാനം ആലപിക്കണമെന്നും സർക്കുലറിൽ പറയുന്നു. 8.10 ന് രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കണം. തുടർന്ന് സാംസ്കാരിക പരിപാടികളും അരങ്ങേറണം. ഇവയെല്ലാം വീഡിയോയിൽ ചിത്രീകരിക്കുകയും ജില്ലാ ന്യൂനപക്ഷ ഓഫീസർമാർക്ക് നൽകുകയും ചെയ്യണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.
മുൻകാലങ്ങളിൽ ചില മദ്രസകളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ ഈ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരമൊരു നടപടി വേണ്ടിവന്നതെന്ന് അധികൃതർ പറയുന്നു. സർക്കാർ ഉത്തരവിനെതിരെ യു.പി മദ്രസ ബോർഡ് അടക്കമുള്ള നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു സർക്കുലറിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ഗോരഖ്പുർ മദ്രസ അറബിയ മാനേജർ ഹാജി സെയ്ദ് തഹ്വാർ ഹുസൈൻ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ അമൂല്യമായ സംഭാവനകൾ നൽകിയവരാണ് മദ്രസകളും അവിടുത്തെ അധ്യാപകരും എന്ന് മറക്കരുത്. എന്നാൽ ഇപ്പോൾ അവരെ സംശയത്തോടെ വീക്ഷിക്കുന്നത് നിർഭാഗ്യകരവും അപലപനീയവുമാണെന്ന് അദ്ദേഹം പറയുന്നു.
ദേശഭക്തിയും സാഹോദര്യവും മദ്രസകളിൽ പഠിപ്പിക്കുന്നുണ്ടെന്ന് ഓൾ ഇന്ത്യ ടീച്ചേഴ്സ് അസോസിയേഷൻ മദ്രസ അറബിയ, ഗോരഖ്പൂർ ശാഖ ജനറൽ സെക്രട്ടറി ഹാഫിസ് നസ്റെ അസ്ലം ഖാദ്രി പറഞ്ഞു. ദേശീയ ആഘോഷവേളകളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തരം മാർഗരേഖകൾ ഇറക്കുന്നത് ഭരണകൂടത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിൽ എണ്ണായിരത്തോളം മദ്രസകളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ 560 എണ്ണം പൂർണമായും സർക്കാർ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.