പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലേക്ക് ശരത് യാദവിന് ക്ഷണം
ന്യൂദൽഹി- ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനം പാർട്ടി നേതൃത്വത്തോട് ആലോചിച്ച് എടുത്തതാണെന്നും അത് അംഗീകരിക്കാത്ത ശരത് യാദവിന് സ്വന്തം വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ശരത് യാദവ് ശ്രമിക്കുന്നതായ റിപ്പോർട്ടുകൾക്കിടയിലാണ് നിതീഷിന്റെ പ്രതികരണം.
ബീഹാറിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനം താൻ ഒറ്റക്ക് എടുത്തതല്ല. അതിന് മുഴുവൻ പാർട്ടിയുടേയും പിന്തുണയും സമ്മതവുമുണ്ട്. ഇക്കാര്യം താൻ നേരത്തേയും വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും തന്റെ അഭിപ്രായവുമായി മുന്നോട്ടുപോകാനാണ് ശരത് യാദവ് തീരുമാനിക്കുന്നതെങ്കിൽ അതിന് അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്- നിതീഷ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിതീഷ് കുമാർ. മോഡിയുമായി വികസന പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. എല്ലാത്തിനും ഓഗസ്റ്റ് അവസാനത്തോടെ പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുമായും നിതീഷ് കൂടിക്കാഴ്ച നടത്തി.
നിതീഷിന്റെ എൻ.ഡി.എ ബന്ധത്തോട് വിയോജിപ്പുള്ള ശരത് യാദവ്, തന്റെ നിലപാട് വിശദീകരിക്കുവാൻ ബീഹാറിൽ മൂന്നു ദിവസത്തെ 'ജനസംവാദ യാത്ര'വ്യാഴാഴ്ച ആരംഭിച്ചിരുന്നു. വിശാലസഖ്യത്തിന് അവസരം നൽകിയ ബീഹാറിലെ 11 കോടി ജനങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഇത് എന്നെ വേദനിപ്പിക്കുന്നു. വ്യത്യസ്തമായ പ്രകടന പത്രികകൾ അവതരിപ്പിച്ചാണ് ഇരുപക്ഷവും ജനവിധി തേടിയതെന്നു മറക്കരുത്. ഞാൻ ഇപ്പോഴും വിശാലസഖ്യത്തിനായി നിലകൊള്ളുന്നുവെന്നും ശരത് യാദവ് പറഞ്ഞു.
ബിഹാറിലെ ജനതാദൾ-യു എം.എൽ.എമാരാരും തന്നെ ശരത് യാദവിന്റെ പരിപാടികളിൽ പങ്കെടുക്കുന്നില്ല. അദ്ദേഹത്തെ സ്വീകരിക്കാനും പാർട്ടി നേതാക്കൾ എത്തിയിരുന്നില്ല. പാർട്ടി പൂർണമായും പിളർപ്പിന്റെ വക്കിലാണ്. ലാലു പ്രസാദ് യാദവ് സംഘടിപ്പിക്കുന്ന രാഷ്ട്രീയ റാലിയിൽ പങ്കെടുക്കുമെന്ന് ശരത് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പാർട്ടി രണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അലി അൻവർ അൻസാരി, എം.പി. വീരേന്ദ്രകുമാർ എന്നീ എം,പിമാരെക്കൂടാതെ 14 സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങളും ഒപ്പമുണ്ടെന്നാണു ശരത് യാദവ് പക്ഷത്തിന്റെ കണക്കുകൂട്ടൽ. നിതീഷ് ഇന്നലെ നിലപാട് വ്യക്തമാക്കിയതോടെ പിളർപ്പ് ആസന്നമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
പ്രതിപക്ഷ സഖ്യത്തിൽനിന്ന് നിതീഷ് വഴിപിരിഞ്ഞെങ്കിലും ഇന്നലെ സോണിയാ ഗാന്ധി വിളിച്ചു ചേർത്ത പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലേക്ക് ശരത് യാദവിന് ക്ഷണമുണ്ടായിരുന്നു. അതിനിടെ, പാർട്ടി പിളർത്താൻ സോണിയാ ഗാന്ധി ശ്രമിക്കുന്നതായി ആരോപിച്ച് ജനതാദൾ-യു നേതാക്കൾ രംഗത്തുവന്നു.
പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലേക്ക് തങ്ങളുടെ പാർട്ടി അംഗങ്ങളെ വിളിച്ചതോടെ, സോണിയയുടെ ഉദ്ദേശ്യം വ്യക്തമായിരിക്കുകയാണെന്ന് ജെ.ഡി-യു ജനറൽ സെക്രട്ടറി കെ.സി ത്യാഗി പറഞ്ഞു. യു.പി.എയുമായും വിശാലസഖ്യവുമായും തങ്ങൾ ബന്ധം മുറിച്ചുകഴിഞ്ഞു. ഇനി വീണ്ടും ക്ഷണിക്കുന്നത് പാർട്ടിയിൽ പിളർപ്പ് ഉണ്ടാക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.