ലയിച്ചശേഷം എൻ.ഡി.എയിലേക്കെന്ന് സൂചന. ദൽഹിയിലെ ചർച്ചകളിൽ അന്തിമരൂപമാകും.
ന്യൂദൽഹി- തമിഴ്‌നാട്ടിലെ അണ്ണാഡി.എംകെയിലെ ഇരുവിഭാഗങ്ങളും ലയിക്കാനൊരുങ്ങുന്നതായ വാർത്തകൾക്കിടെ, മുഖ്യമന്ത്രി എടപ്പാടി പളനിസാമി ദൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രേമോഡിയുമായി കൂടിക്കാഴ്ച നടത്തി. ഇരുവിഭാഗവും ലയിച്ച് ഒന്നായശേഷം എൻ.ഡി.എയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്. ഇതോടെ തമിഴ്‌നാടും ബി.ജെ.പിയുടെ നിയന്ത്രണത്തിലാകും.
അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ പരിധിയിൽനിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണം എന്ന് ആവശ്യപ്പെടാനാണ് താൻ പ്രധാനമന്ത്രിയെ കണ്ടത് എന്ന് പളനിസാമി അറിയിച്ചെങ്കിലും രാഷ്ട്രീയ സ്ഥിതിഗതികളും ചർച്ചയായതായാണ് റിപ്പോർട്ടുകൾ. പ്രധാനമായും അണ്ണാ ഡി.എം.കെ എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമാകുന്നത് സംബന്ധിച്ചാണ് ചർച്ചകൾ. ജയലളിതയുടെ കാലത്ത് എൻ.ഡി.എയുമായി സഹകരിച്ചാണ് മുന്നോട്ട് പോയത്. പാർട്ടി നേതാവ് തമ്പിദുരൈ അതിനാൽ ലോക്‌സഭയിലെ ഡപ്യൂട്ടി സ്പീക്കറുമായി.
പാർലമെന്റ് ഹൗസിലെ ഓഫീസിലെത്തി ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈയുമൊത്താണ് പളനിസാമി പ്രധാനമന്ത്രിയെ കണ്ടത്. പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി ടി.ടി.വി ദിനകരനെ നിയമിച്ച ശശികലയുടെ നടപടി പളനിസാമി വിഭാഗം തള്ളിക്കളഞ്ഞതോടെ പന്നീർശെൽവം വിഭാഗവുമായി ലയനത്തിന് കഴിഞ്ഞ ദിവസം കളമൊരുങ്ങിയിരുന്നു. ദിനകരനെ ഭാരവാഹിയാക്കിയത് പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്ന പ്രമേയവും അവർ പാസാക്കിയിരുന്നു. മറുവിഭാഗത്തിന്റെ നേതാവായ പന്നീർശെൽവവും ദൽഹിയിലുണ്ട്. ഇന്നലെ രാവിലെ നടന്ന പുതിയ ഉപരാഷ്ട്രപതിയുടെ സ്ഥാനാരോഹണ ചടങ്ങിൽ പളനിസാമിയും പന്നീർശെൽവവും പങ്കെടുത്തു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് പന്നീർശെൽവവും സമയം ചോദിച്ചിട്ടുണ്ട്. ചീഫ് ഇലക്ഷൻ കമീഷണറേയും അദ്ദേഹവും വിമത നേതാക്കളും കാണും. ഇരുനേതാക്കളും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെയും സന്ദർശിക്കും.
അതിനിടെ, ആവശ്യം വരികയാണെങ്കിൽ പളനിസാമി സർക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് ഡി.എം.കെ വർക്കിംഗ് പ്രസിഡന്റ് എം.കെ.സ്റ്റാലിൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ദിനകരന്റെ നിയമനം പാർട്ടിയുടെ ഭരണഘടനക്ക് അനുസരിച്ചല്ലെന്ന് പളനിസാമി പറഞ്ഞതിനു പിന്നാലെയാണ് അവിശ്വാസം നൽകാൻ നീക്കം നടക്കുന്നത്. എന്നാൽ, ഡി.എം.കെ അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ അതിജീവിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി വ്യക്തമാക്കി. ഒ.പി.എസ് വിഭാഗവുമായുള്ള ലയനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. ടി.ടി.വി.ദിനകരൻ ചതിയനാണെന്നും പളനിസാമി പറഞ്ഞു. അണ്ണാ ഡി.എം.കെ ഇപ്പോൾ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുകയാണ്. പളനിസാമി, പനീർസെൽവം, ദിനകരൻ വിഭാഗങ്ങളാണിപ്പോഴുള്ളത്. ഭരണകക്ഷിക്കുള്ളിൽ ഉടലെടുത്തിരിക്കുന്ന ഈ സവിശേഷ സാഹചര്യം സംസ്ഥാനത്ത് അസാധാരണ സ്ഥിതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്. അവരുടെ ആ ദുരിതം അവസാനിപ്പിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.
അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ടി.ടി.വി. ദിനകരനെതിരെ പ്രമേയം പാസാക്കിയിരുന്നു. ടി.ടി.വി ദിനകരനെ പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത നടപടി പാർട്ടി നിയമാവലിക്കു വിരുദ്ധമാണെന്നായിരുന്നു യോഗം ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയം. പ്രമേയത്തെ സ്വാഗതം ചെയ്ത പന്നീർശെൽവം ജനങ്ങൾ ആഗ്രഹിക്കുന്ന തീരുമാനമുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ വഞ്ചകനെന്നു വിശേഷിപ്പിച്ച് ദിനകരൻ നിലപാട് കടുപ്പിക്കുകയും ചെയ്തു. ജയലളിത കാണിച്ച വഴിയിൽ പോയാൽ സർക്കാർ നിലനിൽക്കും. അല്ലെങ്കിൽ എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണാമെന്നും ദിനകരൻ പറഞ്ഞു.