മീറത്ത്- ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി വിവരങ്ങള്‍ ശേഖരിക്കാനെത്തിയവരെന്ന് തെറ്റിദ്ധരിച്ച് മൂന്നംഗ പോളിയോ വാക്‌സിനേഷന്‍ സംഘത്തെ പ്രദേശവാസികള്‍ മര്‍ദിച്ച് ബന്ദികളാക്കി. ഉത്തര്‍പ്രദേശിലെ മീറത്തിലാണ് സംഭവം. ലിസാരി ഗേറ്റിലെ ലഖിപുര പ്രദേശവാസികളാണ് മൂന്നംഗ സംഘത്തെ മര്‍ദിച്ച ശേഷം ബന്ദികളാക്കിയത്. ഇവരില്‍ രണ്ട് പേര്‍ സ്വയം മോചിതരായി പോലീസിനെ വിളിക്കുകയായിരുന്നു.
മെഡിക്കല്‍ സംഘത്തില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അവരെ തടഞ്ഞവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ലിസാരി ഗേറ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രശാന്ത് കപില്‍ പറഞ്ഞു. പ്രദേശത്ത് ഇത്തരമൊരു സംഭവം നടക്കുന്നത് ഇതാദ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
പോളിയോ തുള്ളി മരുന്ന് വിതരണത്തെ ഒരു കുടുംബം എതിര്‍ത്തതായി മര്‍ദനമേറ്റവരില്‍ ഒരാളായ കബീര്‍ അഹ്മദ് ഖാന്‍ പറഞ്ഞു. സമ്മതമില്ലാത്ത മാതാപിതാക്കളുടെ പേരുകള്‍ ടാലി രജിസ്റ്ററില്‍ നല്‍കണം. ഇതിനായി ഞങ്ങള്‍ അവരുടെ പേരുകള്‍ ചോദിച്ച തോടെ ശക്തമായ പ്രതിഷേധമുണ്ടായെന്നും ജനക്കൂട്ടം വളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. വാക്‌സിന്‍ ബോക്‌സും തിരിച്ചറിയല്‍ കാര്‍ഡുകളും കാണിച്ചിട്ടും രക്ഷ ഉണ്ടായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വനിതാ ഉദ്യോഗസ്ഥരില്‍ ഒരാളെ സ്ത്രീകള്‍ ബന്ദികളാക്കിയെന്നും ഖാന്‍ പറഞ്ഞു. ജനക്കൂട്ടം ഇതിനിടയില്‍ രജിസ്റ്റര്‍ വലിച്ചുകീറി. ഒടുവില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും ലോകാരോഗ്യ സംഘടന ഫീല്‍ഡ് ഓഫീസര്‍മാരും സ്ഥലത്തെത്തി ജനക്കൂട്ടത്തിന് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു.
ദേശീയ ജനസംഖ്യാ രജിസ്റ്ററിനെക്കുറിച്ചും ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും ജനങ്ങള്‍ അത്യന്തം ഉത്കണ്ഠാകുലരാണെന്ന് വ്യക്തമാണെന്ന് ഖാന്‍ പറഞ്ഞു. എന്‍പിആര്‍ ഡാറ്റാ ശേഖരിക്കുന്നവരാണെന്ന് സംശയമുണ്ടെന്നും ആരും വിവരങ്ങള്‍ നല്‍കരുതെന്നും ഒരു യുവാവ് ആളുകളോട് അഭ്യര്‍ഥിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.