പനാജി- ക്രിസ്ത്യന്‍ പള്ളിയുടെ പിന്തുണയോടെ ഗോവയിലെ മര്‍ഗാവോയില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭം. വിമോചനത്തിനായുള്ള പോരാട്ടത്തിന്റെ കേന്ദ്രമെന്നറിയപ്പെടുന്ന മാര്‍ഗാവോയിലെ ലോഹിയ മൈതാനം ആസാദി മുദ്രാവാക്യങ്ങളാല്‍ മുഖരിതമായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആയിരക്കണക്കിന് ആളുകളാണ് ഗോവയിലെ പരിപാടിയില്‍ അണിനിരന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പരിപാടിയില്‍ വായിച്ചു. രാജ്യത്ത് ഇതാദ്യമായാണ് ഒരു ക്രൈസ്തവ പള്ളിയുടെ പിന്തുണയോടെ സിഎഎക്കെതിരെ പ്രക്ഷോഭം നടക്കുന്നത്. ഗോവയിലെ മൂന്ന് സംഘടനകള്‍ ചേര്‍ന്നാണ് പരിപാടി ഏകോപിപ്പിച്ചത്. ഗോവ സഭയുടെ സാമൂഹിക വിഭാഗമായ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് പീസ്, മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കായി പോരാടുന്ന സംഘടനയായ കണ്‍സേണ്‍ഡ് സിറ്റിസണ്‍സ് ഫോര്‍ ഗോവ, മനുഷ്യാവകാശ സംഘടനയായ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന് എന്നിവ സംയുക്തമായാണ് പ്രതിഷേധത്തിന് ചുക്കാന്‍ പിടിച്ചത്.
ഗോവ ബച്ചാവോ ആന്തോളന്‍ പരിപാടിയുടെ മുന്‍പന്തിയിലുണ്ടായിരുന്ന ഡോ. ഓസ്കാര്‍ റെബെല്ലോ ഭരണഘടനയെ വിശുദ്ധ പുസ്തകമെന്ന് വിളിച്ചു. ഈ നിയമം മുസ്ലീങ്ങള്‍ക്ക് മാത്രം എതിരല്ലെന്നും മറ്റു മതങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തുടനീളമുള്ള ഞായറാഴ്ച സ്കൂളുകളുകളില്‍ ഭരണഘടനയെ കുറിച്ചും പഠിപ്പിക്കണമെന്നും എല്ലാ ദിവസവും ഇതിനായി പത്ത് മിനിറ്റ് സമയം ചെലവഴിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.