ഭോപാല്‍- മധ്യപ്രദേശിലെ ഇന്ദോറില്‍ കുപ്രസിദ്ധ ആത്മഹത്യാ ഗെയിമായ ബ്ലൂ വെയ്‌ലിന് അടിമപ്പെട്ട് 14-കാരന്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാം നിലയില്‍ നിന്ന് ചാടുന്നതിനിടെ സഹപാഠികള്‍ രക്ഷിക്കുകയായിരുന്നു. ഇന്ദോറിലെ ചമേലി ദേവി പബ്ലിക് സ്‌കൂളിലാണ് സംഭവം. വ്യാഴാഴ്ച സ്‌കൂള്‍ അസംബ്ലി കഴിഞ്ഞയുടനെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യയില്‍ ഈ ഗെയിമിന് അടിമപ്പെട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ സംഭവമാണിത്. രണ്ടാഴ്ച മുമ്പ് 14-കാരന്‍ മുംബൈയില്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. ഒരു റഷ്യന്‍ കുറ്റവാളി സൃഷ്ടിച്ച ഈ ആത്മഹത്യാ ഗെയിം ലോകത്തിന്റെ വിവിധയിടങ്ങളില്‍ നൂറുകണക്കിനാളുകളെ ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ട്. സാഹസികതയും ക്രൂരതയും നിറഞ്ഞ കൃത്യങ്ങള്‍ ചെയ്ത് ഒടുവില്‍ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുകയാണ് ഈ ഓണ്‍ലൈന്‍ ഗെയിം ചെയ്യുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിലും കൗമാരക്കാര്‍ക്കിടയില്‍ ഈ ഗെയിം സ്വാധീനം ചെലുത്തുന്നതായി പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാലക്കാട്ടു നിന്നും മുങ്ങി ചാവക്കാട് കടപ്പുറത്ത് കണ്ടെത്തപ്പെട്ട നാലു കൗമാരക്കാര്‍ ഈ ഗെയിമിന്റെ സ്വാധീന വലയത്തില്‍പ്പെട്ടാണ് എത്തിയതെന്ന് കണ്ടെത്തിയിരുന്നു.