ന്യൂദല്‍ഹി-ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും വെട്ടിത്തിരുത്തലുകള്‍ക്കും ശേഷം കെ.പി.സി.സി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കി 47 അംഗ പട്ടികയാണ് പുറത്തുവിട്ടത്. ഇതില്‍ 12 പേര്‍ വൈസ് പ്രസിഡന്റുമാരും 34 പേര്‍ ജനറല്‍ സെക്രട്ടറിമാരുമാണ്. കൊടിക്കുന്നില്‍ സുരേഷും കെ. സുധാകരനും വര്‍ക്കിംഗ് പ്രസിഡന്റുമാരായി തുടരും.
പുതിയ കെ.പി.സി.സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റ് ഒന്നരവര്‍ഷത്തോളം കഴിഞ്ഞാണ് ഭാരവാഹി പട്ടിക പുറത്തു വരുന്നത്. ഗ്രൂപ്പുകളുടെ സമ്മര്‍ദത്തിന് വഴങ്ങി തയാറാക്കിയ 130 പേരടങ്ങിയ ജംബോ പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. കേരളം പോലൊരു ചെറിയ സംസ്ഥാനത്തിന് ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ അടക്കം ഇത്ര വലിയ ഭാരവാഹി പട്ടിക എന്തിനാണെന്ന സോണിയ ഗാന്ധിയുടെ വിമര്‍ശനവും ഭാരവാഹികളുടെ എണ്ണം കുറയാന്‍ കാരണമായി.
ജംബോ പട്ടികക്കു നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍, എപി അനില്‍ കുമാര്‍ എന്നീ നേതാക്കള്‍ തങ്ങളെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്ന് കാണിച്ച് ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു.